ദോഹ: പാറപോലെ കെട്ടിയുയര്‍ത്തിയ പ്രതിരോധവുമായാണ് സെര്‍ബിയ കാനറികളെ പൂട്ടാനിറങ്ങിയത്. 61 മിനിറ്റുകള്‍ ആ പ്രതിരോധക്കോട്ട തകര്‍ക്കാനാകാതെ ബ്രസീലിയന്‍ പട മൈതാനത്ത് അലഞ്ഞു. എന്നാല്‍ വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോള്‍ ആ പ്രതിരോധം തച്ചുടച്ച് ബ്രസീലിന്റെ മുന്നേറ്റം. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഖത്തറില്‍ തുടക്കം ഗംഭീരമാക്കി ബ്രസീലിയന്‍ പട. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി.
തീര്‍ത്തും ആക്രമണനിരയുമായി ഇറങ്ങിയ ബ്രസീല്‍ തുടക്കംമുതല്‍ തന്നെ സെര്‍ബിയന്‍ ബോക്‌സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. എന്നാല്‍ കൃത്യമായ പരസ്പര ധാരണയോടെ കളിച്ച സെര്‍ബിയന്‍ ഡിഫന്‍സിനു മുന്നില്‍ ഓരോ ബ്രസീലിയന്‍ ആക്രണങ്ങളും വിഫലമാകുന്ന കാഴ്ചയ്ക്കായിരുന്നു ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷിയായത്. പിന്നോട്ടിറങ്ങി ഒത്തൊരുമിച്ച് പ്രതിരോധിച്ച സെര്‍ബിയയുടെ ഗെയിംപ്ലാന്‍ അറ്റാക്കിങ് തേര്‍ഡില്‍ ബ്രസീലിയന്‍ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതായി.
ഒടുവില്‍ ആ പ്രതിരോധം തകര്‍ക്കാന്‍ 61 മിനിറ്റുകള്‍ മഞ്ഞപ്പടയ്ക്ക് കാത്തിരിക്കേണ്ടിവന്നു. 62-ാം മിനിറ്റില്‍ റിച്ചാര്‍ലിസനാണ് ബ്രസീലിനായി സ്‌കോര്‍ ചെയ്തത്. പന്തുമായി ബോക്‌സിലേക്ക് കയറിയ നെയ്മറുടെ മുന്നേറ്റം ഗോളിന് വഴിവെട്ടി. പന്ത് ലഭിച്ച വിനീഷ്യസിന്റെ ഷോട്ട് സെര്‍ബിയന്‍ കീപ്പര്‍ സേവ് ചെയ്തത് നേരെ റിച്ചാര്‍ലിസന്റെ മുന്നില്‍. റീബൗണ്ട് വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ താരം വലയിലെത്തിച്ചു.
ഗോള്‍ നേടിയതോടെ ഉണര്‍ന്നുകളിച്ച ബ്രസീല്‍ വീണ്ടും വീണ്ടും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. 73-ാം മിനിറ്റില്‍ റിച്ചാര്‍ലിസന്‍ കിടിലനൊരു ബൈസിക്കിള്‍ കിക്കിലൂടെ ബ്രസീലിനായി രണ്ടാമതും വലകുലുക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് വീനീഷ്യസായിരുന്നു. ഇതോടെ നെയ്മര്‍ക്ക് ശേഷം ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും റിച്ചാര്‍ലിസന് സ്വന്തമായി.
ആദ്യ പകുതിയില്‍ സെര്‍ബിയന്‍ പ്രതിരോധത്തിനു മുന്നില്‍ മറുപചിയില്ലാതെ നില്‍ക്കുകയായിരുന്നു ബ്രസീലിയന്‍ സംഘം. റഫീന്യയും നെയ്മറും വീനീഷ്യസുമെല്ലാം ബോക്‌സിലേക്ക് നിരന്തരം പന്തെത്തിച്ചിട്ടും മികച്ച ഫിനിഷിങ് മാത്രം അകന്നുനിന്നു. ബ്രസീലിയന്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതില്‍ പാവ്‌ലോവിച്ചും മിലോസ് വെലികോവിച്ചും നിക്കോള മിലെന്‍കോവിച്ചും മികച്ചുനിന്നു.
ബ്രസീലിയന്‍ താരങ്ങളുടെ മുന്നേറ്റങ്ങളുടെയെല്ലാം മുനയൊടിക്കുന്നതായിരുന്നു സെര്‍ബിയയുടെ മധ്യനിരയുടെയും പ്രതിരോധത്തിന്റെയും പ്രകടനം. ആദ്യ പകുതിയില്‍ വിനീഷ്യസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍ എന്നിവരുടെ അറ്റാക്കിങ് റണ്ണുകളെല്ലാം സെര്‍ബിയന്‍ പ്രതിരോധം കൃത്യമായ ഇടപെടലിലൂടെ തടഞ്ഞു.
26-ാം മിനിറ്റില്‍ ടാഡിക്കിലൂടെ ഒരു സെര്‍ബിയന്‍ മുന്നേറ്റത്തിന് സ്റ്റേഡിയം സാക്ഷിയായി. എന്നാല്‍ താരത്തിന്റെ ക്രോസ് ബോക്‌സില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന് ലഭിക്കും മുമ്പ് ആലിസണ്‍ അത് കൃത്യമായി കൈപ്പിടിയിലൊതുക്കി.
ഇതിനിടെ 28-ാം മിനിറ്റില്‍ തിയാഗോ സില്‍വ വിനീഷ്യസിന് നല്‍കിയ നല്‍കിയ മികച്ചൊരു ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സില്‍ അപകടം സൃഷ്ടിച്ചു. എന്നാല്‍ മിലിന്‍കോവിച്ച് സാവിച്ചിന്റെ കൃത്യമായ ഇടപെടല്‍ അവര്‍ക്ക് രക്ഷയായി.
34-ാം മിനിറ്റില്‍ പക്വേറ്റയും റഫീന്യയും ചേര്‍ന്ന മുന്നേറ്റം സെര്‍ബിയയുടെ പ്രതിരോധം പിളര്‍ത്തിയെങ്കിലും റഫീന്യയുടെ ഫിനിഷിങ് മോശമായത് തിരിച്ചടിയായി.
55-ാം മിനിറ്റില്‍ ബോക്‌സില്‍ ലഭിച്ച അവസരം നെയ്മര്‍ പുറത്തേക്കടിച്ചുകളഞ്ഞു. വിനീഷ്യസിന്റെ ക്രോസില്‍ നിന്നായിരുന്നു ശ്രമം. പിന്നാലെ 60-ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് അലക്‌സ് സാന്‍ഡ്രോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. ഒടുവില്‍ ആ പ്രതിരോധം പൊളിച്ച് റിച്ചാര്‍ലിസന്‍ രണ്ട് തവണ നിറയൊഴിച്ചതോടെ കാനറികള്‍ക്ക് വിജയത്തുടക്കം.”