ദോഹ: ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് പണം നൽകികൊണ്ട് ഫാൻസ് റാലികൾ നടത്തുന്നുവെന്ന വിമർശനത്തിന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ മറുപടി നൽകി. ‘നമ്മൾ ഇവിടെ ഒരു ലോകകപ്പാണ് സംഘടിപ്പിക്കുന്നത്. യുദ്ധമല്ല. പലവിധ ജീവിതപ്രശ്നങ്ങൾക്ക് നടുവിലുള്ള മനുഷ്യർക്ക് വരുവാനും ആസ്വദിക്കാനും കഴിയണം. ഈ നഗരത്തിലേക്ക് നോക്കു. അലങ്കാരങ്ങളോടെ നിൽക്കുന്ന ദോഹ നഗരം എത്രമനോഹരമായിരിക്കുന്നു. ടീമുകൾ വരുേമ്പാൾ ജനങ്ങൾ സന്തോഷിക്കുന്നു. എത്ര ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ട ടീമുകളെ അവർ വരവേൽക്കുന്നത്.
എന്തുകൊണ്ട് ഇന്ത്യക്കാർക്ക് ഇംഗ്ലണ്ടിനെയും ജർമനിയെയും പിന്തുണച്ചുകൂടാ. ഇത്തരം ആരോപണങ്ങളെ എന്തുവിളിക്കണം. ശുദ്ധമായ വർണവെറിയാണിത്. ലോകത്ത് ഏത് കോണിലുള്ള ഏതൊരാൾക്കും അയാളുടെ ഇഷ്ട ടീമിനെ പിന്തുണക്കാൻകഴിയണം’ -ഇൻഫൻറിനോ പറഞ്ഞു.