ഗുരുവായൂർ: ബ്ലോക്ക് കോൺഗ്രസിൽ വീണ്ടും പോര്. ഇന്ന് ഗുരുവായൂർ നഗരസഭ ഓഫീസിലേക്ക് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ നിന്നും ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നു. കഴിഞ്ഞയാഴ്ച ജനകീയ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരും നഗരസഭ കൗൺസിലറും ഉൾപ്പെടുന്നവരെ
പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്ന് നടന്ന സമരത്തിൽ നിന്നും നേതാക്കൾ വിട്ടുനിന്നത്. സസ്പെൻഷൻ നടപടി നീ പാർട്ടി നേതൃത്വത്തിന്റെ തരംതാണ പ്രവർത്തനമാണെന്നാണ് ഇവരുടെ ആരോപണം. ദിവസങ്ങൾക്ക് മുമ്പ് ചാവക്കാട് ബസ് സ്റ്റാൻഡിൽ വെച്ച് ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ വലിച്ചു താഴെയിട്ട സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾ ബസ് തടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഗുരുവായൂർ നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി.എസ് സൂരജ്, യൂത്ത് കോൺഗ്രസ്സ്ജില്ലാ സെക്രട്ടറി കെ.ബി വിജു, നിയോജക മണ്ഡലം ഭാരവാഹികളായ റിഷി ലാസർ, വി.എസ് നവനീത് എന്നിവരെയൊണ് ബസ് തടയൽ സമരത്തിന്റെ പേര് പറഞ്ഞ് പാർട്ടിയിൽ സസ്പെൻഡ് ചെയ്തത്. സർക്കിൾ ലൈവ് ന്യൂസ് ബ്യൂറോ. ഇന്ന് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ, കെ.പി.സി.സി മെമ്പർമാരായ ഒ അബ്ദുൾ റഹ്മാൻ കുട്ടി, പി.കെ അബൂബക്കർ ഹാജി, ജില്ലാ സെക്രട്ടറിമാരായ ടി.എസ് അജിത്ത്. എം.വി ഹൈദരാലി, എ അലാവുദ്ധീൻ, വടക്കേകാട് ബ്ലോക്ക് പ്രസിഡണ്ട് ഉമ്മർ മുക്കണ്ടത്ത്, മണ്ഡലം പ്രസിഡണ്ടുമാരായ കെ.വി ഷാനവാസ്, ആൻ്റോ തോമാസ്, ആലത്തിയിൽ മൂസ, ശ്രീധരൻ മാക്കാലിക്കൽ, മുനാഷ് മച്ചിങ്ങൽ, രാജൻ പുന്നയൂർക്കുളം, ആർ രവികുമാർ, ബാലൻ വാറണാട്ട്, ഒ.കെ.ആർ മണികണ്ഠൻ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ വി.കെ സുജിത്, സി.എസ് സൂരജ്, ഷെഫീന ഷാനീർ, കെ.എം മെഹറൂഫ് തുടങ്ങി ഒട്ടേറെ നേതാക്കൾ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്തില്ല. കഴിഞ്ഞമാസം പുന്നയൂർക്കുളത്ത് നടന്ന യോഗത്താൽ ഡി.സി.സി പ്രസിഡണ്ടിനെയും . ടി.എൻ പ്രതാപൻ എം.പിയെയും അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ്സിൽ നിന്ന് പുറത്താക്കിയവർ ഉൾപ്പെടെയുള്ളവരാണ് ഇന്ന് നടന്ന മാർച്ചിൽ പങ്കെടുത്തതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.