തൃശൂർ: പോക്സോ കേസിൽ പോലീസ് അക്കാദമിയിലെ ജീവനക്കാരനായ പ്രതിയെ 10 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചു. കാട്ടകാമ്പാൽ ചിറക്കൽ കുന്നത്ത് വീട്ടിൽ ഷാജുവി(48)നെയാണ് തൃശ്ശൂർ അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ ശിക്ഷ കാലാവധി ഒരു വർഷം കൂടി അനുഭവിക്കണം. 2019-ലാണ് കേസിനാസ്പദമായ സംഭവം. വിയ്യൂർ പോലീസ് രജിസ്റ്റർചെയ്ത കേസ് ഇൻസ്പെക്ടർമാരായ പി.വി സിന്ധു, ശ്രീജിത്ത് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 14 സാക്ഷികളെ വിസ്തരിച്ചു. 13 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി അജയ്‌കുമാർ ഹാജരായി.