Friday, September 20, 2024

കുന്നംകുളത്ത് നിന്നും ആനപ്പാപ്പാനാവാൻ കത്തെഴുതി വെച്ച് പുറപ്പെട്ട വിദ്യാർത്ഥികളെ പേരാമംഗലത്ത് നിന്നും കണ്ടെത്തി

കുന്നംകുളം : പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികളായ അയിനൂര്‍ തൈവളപ്പില്‍ വീട്ടില്‍ അനീഷിന്റെ മകന്‍ 8-ാം ക്ലാസ്സില്‍ പഠിക്കുന്ന അരുണ്‍ (13), അരുവായി തറയില്‍ വീട്ടില്‍ പ്രദീപിന്റെ മകന്‍ അതുല്‍ കൃഷ്ണ, (14), അയിനൂര്‍ മഠത്തിപറമ്പില്‍ വീട്ടില്‍ മനോജിന്റെ മകന്‍ അതുല്‍ കൃഷ്ണ (14) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. ക്ലാസ് കഴിഞ്ഞ്ഇവർ വീട്ടിലെത്തിയിരുന്നു. പിന്നീട് ട്യൂഷ്യന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ആന പാപ്പാന്മാർ ആകുന്നതിനാണ് ആഗ്രഹമെന്നും അതിനായി പോവുകയാണെന്നും അന്വേഷിക്കേണ്ടെന്നും മാസത്തിൽ ഒരിക്കൽ ഞങ്ങൾ എത്തിക്കോളാമെന്നും എഴുതിവച്ചാണ് ഇവർ നാട് വിട്ടിരുന്നത്.

പുലർച്ചയോടെ പേരാമംഗലം തെച്ചിക്കോട്ടുകാവ് ക്ഷേത്ര മൈതാനിയിൽ നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇവർ ഇവിടെ എത്തിയിരുന്നുവെന്ന സൂചനയെ തുടർന്ന് ഇവിടെ അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടികളിൽ ഒരാൾ പുറത്തിറങ്ങിയത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമംഗലം പോലീസ് എത്തി നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസ്സിനുള്ളിൽ നിന്ന് കുട്ടികളെ കണ്ടെത്തുകയായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തളച്ചിരുന്ന പേരമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെത്തി തങ്ങളെ പാപ്പാന്മാർ ആക്കുമോ എന്ന് അന്വേഷിച്ചിരുന്നതായി പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഈ മേഖലയിൽ ഉൾപ്പെടെ അന്വേഷിച്ചിരുന്നെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് നാട്ടുകാരും പോലീസും സംഘങ്ങളായി ജില്ലയുടെ പല ഭാഗത്തും കെ.എസ്.ആർ.ടിസി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കുട്ടികളെ അന്വേഷിച്ചിരുന്നെങ്കിലും ഫലം ഉണ്ടായില്ല. പിന്നീടാണ് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് കുട്ടികളെ ഇവിടെ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments