കൊല്ലം: പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പട്ടാഴി ചെളിക്കുഴി എന്ന സ്ഥലത്തെത്തിയപ്പോൾ വിനോദ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇരുപത്തിരണ്ടുകാരി നൽകിയ പരാതിയിൽ പത്തനാപുരം പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ മുൻകൂർ ജാമ്യം തേടി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഇത് തള്ളി.
കഴിഞ്ഞ ഒരാഴ്ച്ചയായി ഒളിവിലായിരുന്ന പ്രതി ഇന്ന് രാവിലെ പുനലൂർ ഡി.വൈ.എസ്.പി ബി വിനോദിന്‍റെ മുൻപാകെ ഹാജരാവുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി പൊലീസ് തെളിവെടുത്തു. നേരത്തേ പെണ്‍കുട്ടി നൽകിയ പരാതിയിൽ ഇയാളെ മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
സംഭവം വാര്‍ത്തയായതിന് പിന്നാലെ എ.എസ് വിനോദിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍ തന്നെ കുടുക്കിയതാണെന്ന് പറഞ്ഞ് വിനോദ് കുമാർ ഗതഗത മന്ത്രിക്ക് പരാതി നൽകി. ഗൂഢാലോചന അന്വേഷിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക സമരമുണ്ടാകുമെന്ന ഭീഷണിയുമായി മോട്ടോർ വെഹിക്കിള്‍ ഇൻസ്പകെട്ർമാരുടെ സംഘടനയും രംഗത്ത് വന്നിരുന്നു.
മോട്ടോർ വെഹിക്കിൾ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂടിയാണ് കുറ്റാരോപിതനായ വിനോദ്. നേരത്തെ പത്തനാപുരത്ത് ഇതേ എംവിഐ ടിപ്പർ ലോറി പിടികൂടി പിഴയിട്ടതും, ഇതിൽ ഗണേശ് കുമാർ എംഎൽഎ ഇടപെട്ട് ഉദ്യോഗസ്ഥരോട് കയർത്തതും വലിയ വിവാദമായിരുന്നു. ഈ പ്രശ്നം കഴിഞ്ഞ് അധികനാൾ ആകുന്നതിന് മുമ്പേയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദിനെതിരെ അടുത്ത കേസും വരുന്നത്.