ദുബായ്: ഏഷ്യാ കപ്പില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദ്ദിക് പാണ്ഡ്യ മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് വിജയത്തുടക്കം. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി മറികടന്നു.
വിജയത്തിലേക്ക് അവസാന മൂന്നോവറില്‍ 32 റണ്‍സും രണ്ടോവറില്‍ 21 റണ്‍സും വേണ്ടിയരുന്ന ഇന്ത്യ ഹാരിസ് റൗഫ് എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയ മൂന്ന് ബൗണ്ടറികളിലൂടെ 14 റണ്‍സടിച്ച് അവസാന ഓവറില്‍ ലക്ഷ്യം ഏഴ് റണ്‍സാക്കി.മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്യാന്‍ ശ്രമിച്ച രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായതോടെ വീണ്ടും ട്വിസ്റ്റ്. രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഹാര്‍ദ്ദികിന് റണ്ണെടുക്കാനായില്ല. ഇന്ത്യക്ക് ജയിക്കാന്‍ മൂന്ന് പന്തില്‍ ആറ് റണ്‍സ്. നാലാം പന്ത് ലോംഗ് ഓണിന് മുകളിലൂടെ ഹാര്‍ദ്ദിന്‍റെ സിക്സര്‍. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. സ്കോര്‍ പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147ന് ഓള്‍ ഔട്ട്, ഇന്ത്യ 19.4 ഓവറില്‍ 148-5. 17 പന്തില്‍ 33 റണ്‍സുമായി ഹാര്‍ദ്ദിക് പുറത്താകാതെ നിന്നപ്പോള്‍ 29 പന്തില്‍ 35 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 34 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലിയും വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.