ദില്ലി: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജിവച്ചത്. കോൺഗ്രസിന്റെ തല മുതിർന്ന നേതാവാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.
ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തുനിന്നു രാജിവച്ചതിനു തൊട്ടുപിന്നാലെയാണ് പാർട്ടിയിൽനിന്നു തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. സോണിയ ഗാന്ധി ഏൽപ്പിച്ച പദവി ഒഴിഞ്ഞ് കോൺഗ്രസിനെ ഞെട്ടിച്ച ഗുലാം നബി പാർട്ടിക്കു നൽകുന്ന ഇരട്ട പ്രഹരമാകും ഇത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിലെ മുൻ അംഗവും വിമത ജി 23 സംഘത്തിലെ പ്രധാനിയാണ് ഗുലാം നബി. മുൻ കേന്ദ്രമന്ത്രിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്നു.