തൃശൂർ: ചാവക്കാട് കുരഞ്ഞിയൂരിലെ മരിച്ച യുവാവിന് മങ്കിപോക്സെന്ന് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള 20 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുള്ളവര്‍ക്ക് നിലവില്‍ രോഗ ലക്ഷണങ്ങളില്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു.
യുഎഇയില്‍ നിന്നെത്തി 30 ന് പുലര്‍ച്ചെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പുന്നയൂര്‍ കുരഞ്ഞിയൂരിലെ 22 കാരന്‍റെ പരിശോധനാ ഫലം ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്. മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരോടും വീട്ടില്‍ തന്നെ നിരീക്ഷണത്തിലിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി പോയ നാലു കൂട്ടുകാര്‍, വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും പന്തുകളിക്കാന്‍ ഒപ്പമുണ്ടായിരുന്ന 9 കൂട്ടുകാര്‍, വീട്ടിലെത്തിയ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകരെന്നിവരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവര്‍ക്ക് ഇതുവരെ രോഗ ലക്ഷണങ്ങളില്ല.
ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുരഞ്ഞിയൂരിലെ വീടുകളില്‍ ബോധവത്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കഴിഞ്ഞ 22 ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യുവാവ് വീട്ടിലെത്തിയെങ്കിലും 27 നാണ് ചികിത്സ തേടിയത്. മുപ്പതിന് പുലര്‍ച്ചെ മരിച്ചതോടെ ശ്രവം ആലപ്പുഴയിലേക്കും പിന്നീട് പൂനെയിലെ വൈറോളജി ലാബിലേക്കും അയക്കുകയായിരുന്നു.