ഗുരുവായൂർ: കേന്ദ്ര ടൂറിസം പ്രതിരോധ വകുപ്പ് സഹമന്ത്രി അജയ് ഭട്ട് ഗുരുവായൂരിൽ ടൂറിസം മേഖലയിലെ സംരഭകരും സംഘടനകളുമായും ചർച്ച നടത്തി. ആയുർവേദത്തെയും യോഗയേയും പ്രോത്സാഹിപ്പിക്കാനും അതുവഴി ആഭ്യന്തര ടൂറിസത്തെയും വിദേശികളെ ആകർഷിക്കാനും കേന്ദ്ര സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെയും പദ്ധതികളെപ്പറ്റിയും കേന്ദ്രമന്ത്രി വിശദീകരിച്ചു. കൊവിഡാനന്തര കേരള ടൂറിസം മേഖലയിൽ ഹോട്ടൽ, ലോഡ്ജ് വ്യവസായത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സംഘടനാ നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സാധാരണക്കാർ ഉപയോഗിക്കുന്ന ആയിരം രൂപയോ അതിൽ കുറവോ ഉള്ള ഹോട്ടൽ മുറികൾക്ക് പന്ത്രണ്ട് ശതമാനം ജി.എസ്.ടി ചുമത്തിയ നടപടി പിൻവലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ കേന്ദ്ര മന്ത്രിയോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
വയനാട്, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ടൂറിസം മേഖലയിലെ സംരഭകർ ബഫർസോൺ വിഷയത്തിൽ നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണം. ഇന്ത്യയിലെ പ്രധാന തീർത്ഥാടക നഗരങ്ങളിലേക്ക് ഗുരുവായൂരിനെ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആരംഭിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ടൂറിസം അസി.ഡയറക്ടർമാരായ സന്ധ്യാ ഹരിദാസ്, ശങ്കർ റെഡ്ഡി, മുഹമ്മദ് ഫാറൂഖ്, ഗുരുവായൂർ ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി.കെ. പ്രകാശ്, സി.എ. ലോക്‌നാഥ്, പി.എ. ജയൻ എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.