Friday, September 20, 2024

‘കൊടി പാകിസ്ഥാനിൽ കെട്ടെടായെന്ന ആക്രോശം’; കോണ്‍ഗ്രസുകാര്‍ക്ക് സംഘികളുടെ മനസെന്ന് എം വി ജയരാജന്‍

തിരുവനന്തപുരം: കഴക്കൂട്ടത്തെ യുഡിഎഫ് പരിപാടിക്കിടെ മുസ്ലിം ലീഗിന്‍റെ കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടന്ന ആക്ഷേപത്തിൽ പ്രതികണവുമായി സിപിഎം നേതാവ് എം വി ജയരാജന്‍. ‘നിന്റെ കൊടി കൊണ്ട് പോയി പാകിസ്ഥാനിൽ കെട്ടെടാ’ എന്ന  ആക്രോശം സംഘപരിവാറിന്‍റേതല്ല, കോൺഗ്രസ് കഴക്കൂട്ടം ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ലീഗുകാർക്ക് എതിരെ നടത്തിയതാണെന്ന് എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ പര്യടന പരിപാടിയിൽ ലീഗുകാർ പച്ചക്കൊടിയേന്തി അനുഗമിച്ചിരുന്നു. ആ ചിത്രം ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ചത് രാഹുൽ ഗാന്ധി പാക് പതാകയുമേന്തി പ്രചാരണം നടത്തുന്നു എന്ന തരത്തിലായിരുന്നു. അതിനെ തുടർന്ന് വയനാട്ടിലെ ലീഗുകാരോട് റോഡ് ഷോയിൽ പങ്കെടുക്കുമ്പോൾ പച്ചക്കൊടി എടുക്കരുതെന്ന്  കോൺഗ്രസ് ആവശ്യപ്പെട്ടു.

അത് അക്കാലത്ത് വലിയ വാർത്ത ആയതാണ്.  കഴക്കൂട്ടത്തും സമാനമായ രീതിയിലാണ് സംഭവം നടന്നിരിക്കുന്നത്. കോൺഗ്രസുകാരുടെ മനസ് സംഘികളുടെതാണ്.  എത്ര കാലം ആത്മാഭിമാനം പണയപ്പെടുത്തി ലീഗിന് യുഡിഎഫിൽ തുടരാൻ കഴിയും എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നതെന്നും ജയരാജന്‍ ചോദിച്ചു. അതേസമയം, മുസ്ലിം ലീഗിന്‍റെ കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടാൻ കോൺഗ്രസ് നേതാവ് ആക്രോശിച്ചത് കോൺഗ്രസിലെ വർഗീയ അതിപ്രസരത്തിന്‍റെ ഉദാഹരണമാണെന്നാണ് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്.

കോൺഗ്രസിന്‍റെ ന്യൂനപക്ഷ വിരുദ്ധതയാണ് പുറത്തു വന്നതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിക്കിടെ മുസ്ലിംലീഗ് കൊടി പാകിസ്ഥാനിൽ കൊണ്ടുപോയി കെട്ടണമെന്ന് കോൺഗ്രസ് നേതാവ് ആക്രോശിച്ചെന്ന് പരാതി പറഞ്ഞ വെമ്പായം നസീർ പാര്‍ട്ടി അംഗമല്ലെന്ന് മുസ്ലിം ലീഗ് അറിയിച്ചു.  മുസ്ലീം ലീഗ് പതാകയെ ആരും അപമാനിച്ചിട്ടില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. തിരുവനന്തപുരം നഗരസഭ ഭരണസമിതിക്കെതിരായ യുഡിഎഫ് സമരത്തിലായിരുന്നു വിവാദം. പരിപാടിയിൽ പങ്കെടുക്കാൻ ലീഗ് ജില്ലാ കമ്മിറ്റി അംഗം, യൂണിയൻ ജില്ലാ ജനറൽസെക്രട്ടറി, സിഎച്ച് മുഹമ്മദ് കോയ ജീവകാരുണ്യ പദ്ധതി ചെയർമാൻ എന്നീ പദവികളുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് വെമ്പായം നസീർ എത്തിയത്.

തുടര്‍ന്ന് ഇയാൾ വേദിയ്ക്ക് സമീപം ലീഗ് കൊടി സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. മുസ്ലീം ലീഗ് പതാക സ്ഥാപിക്കാൻ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ആണ്ടൂര്‍കോണം സനൽ സമ്മതിച്ചില്ലെന്നും ലീഗിന്‍റെ പതാക പാകിസ്ഥാനിൽ കൊണ്ടു പോയി കെട്ടണമെന്ന് സനൽ ആക്രോശിച്ചെന്നുമാണ് വെമ്പായം നസീര്‍ ആരോപിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം  മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു.

കോൺഗ്രസുമായി കൂട്ട് ചേരുന്നത് ലീഗിന്‍റെ രാഷ്ട്രീയ തകർച്ചക്ക് ഇടയാക്കുമെന്നാണ് ഇ പി ജയരാജൻ നൽകിയ മുന്നറിയിപ്പ്. മുസ്ലീം ലീഗിന്‍റെ രാഷ്ട്രീയ തകർച്ചയുടെ പാപ്പരത്തമാണ് ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിന് അനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ്. മാർക്കിസ്റ്റ് വിരോധം മനസ്സിൽ വച്ച് പ്രവർത്തിച്ചാൽ ലീഗിന് ഒന്നും നേടാനാകില്ല. മണ്‍മറഞ്ഞ ലീഗിന്‍റെ നേതാക്കൾ മത നിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവർ ആയിരുന്നുവെന്നും ആ വഴിയേക്കുറിച്ച് ചിന്തിക്കൂവെന്നുമാണ് ഇ പി ജയരാജൻ മലപ്പുറത്ത് കുഞ്ഞാലി അനുസ്മരണ പരിപാടിയിൽ പറഞ്ഞത്. ആദ്യമായല്ല എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എൽ ഡി എഫ് കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മുസ്ലീം ലീഗിനെ എൽ ഡി എഫിലേക്ക് ക്ഷണിച്ചതിന് ഇ പി ജയരാജന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനം നേരിട്ടിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം.

യു ഡി എഫ് ദുർബലമാകുന്ന സാഹചര്യം ഉയർത്തിയക്കാട്ടിയാതാണെന്നായിരുന്നു ഇ പി ജയരാജന്‍റെ അന്നത്തെ മറുപടി. എന്നാൽ എൽ ഡി എഫ് കണ്‍വീനറെ അന്ന് പാർട്ടി തിരുത്തിയിരുന്നു. ഇപ്പോൾ അത് പറയേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ്  ഇ പി ജയരാജനോട് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞത്. ലീഗിനോടുള്ള നിലപാട് മാറുന്നു എന്ന വ്യാഖ്യാനമുണ്ടായി എന്നായിരുന്നു വിലയിരുത്തല്‍. പ്രസ്താവനകൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് ഇ പി ജയരാജനോട് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments