ഗുരുവായൂർ: വലിയ ലക്ഷ്യവുമായിപഠിച്ച് മുന്നേറാനുള്ള ശ്രമത്തിനിടെയാണ് അപ്രതീക്ഷിതമായി ആൻബെല്ല ചിറകറ്റ് വീണത്. ജീവൻമരണപോരാട്ടവുമായി ആശുപത്രിയിൽ കഴിയുന്ന ആൻബെല്ലയ്ക്കായി പ്രാർഥനയോടെ കഴിയുകയാണ് ഗ്രാമം. കോട്ടപ്പടി പുത്തൂർ വിൻസെന്റിന്റെയും ആലീസിന്റെയും മകളാണ് ആൻബെല്ല (20). തൃശ്ശൂർ സെയ്‌ന്റ് തോമസ് കോളേജിൽ ഡിഗ്രി വിദ്യാർഥിനിയാണ്.
ഇക്കഴിഞ്ഞ ജനുവരിയിൽ ആൻബെല്ലയ്ക്കും വീട്ടുകാർക്കും കോവിഡ് ബാധിച്ചിരുന്നു. ശേഷം ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം അനുഭവപ്പെട്ട ഇടക്കിടെയുള്ള കിതപ്പ് അസ്വസ്ഥതയുണ്ടാക്കി.
തൃശ്ശൂരിലെ ആശുപത്രിയിൽ പല ടെസ്റ്റുകളും നടത്തിയെങ്കിലും കുറവുണ്ടായില്ല. വിദഗ്‌ധപരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലാക്കി. അപ്പോഴേക്കും ആരോഗ്യസ്ഥിതി മോശമായി. അഞ്ചുലക്ഷം രൂപ കെട്ടിവെച്ച് ദിവസം ഓരോ ലക്ഷം രൂപ ചെലവ് വരുന്ന ‘ഇക്‌മോ’ ചികിത്സ ആരംഭിച്ചു. അപ്പോഴേക്കും 30 ലക്ഷം രൂപ ചെലവായി. ഇപ്പോൾ രോഗം മൂർച്ഛിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ് ആൻബെല്ല.
ശ്വാസകോശം മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധിയെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിന് ഒരുകോടിയിലേറെ രൂപ ചെലവ് വരുമെന്ന് പറയുന്നു. ഇത്രയും വലിയ തുക കണ്ടെത്തുകയെന്നത് രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻപോലും കഴിയില്ല.
പഠിക്കാൻ മിടുക്കിയാണ് ആൻബെല്ല. എസ്.എസ്.എൽ.സി.ക്ക് 97 ശതമാനവും പ്ലസ്ടുവിന് 99 ശതമാനവും മാർക്കുണ്ടായിരുന്നു. വിൻസെന്റിന്റെ ഫോൺ: 7025100826