ചേലക്കര : പരക്കാട് ക്വാറിയിലെ കുളത്തിൽ വീണ് വിദ്യാർഥിനി മരിച്ചു. പരക്കാട് മംഗലത്ത് കോറിയിലെ കുളത്തിൽ വീണാണ് തമിഴ്നാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി വജിയ (15) മരിച്ചത്. തമിഴ്നാട് നിന്നും പരക്കാടുള്ള ബന്ധുവീട്ടിലേക്ക് കുടുംബസമേതം വിരുന്നിനായി എത്തിയതായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടു കൂടി കോറിയിലെ വെള്ളം കാണുന്നതിനായി പോയതാണെന്നാണ് വീട്ടുകാർ പറയുന്നത്. ക്വാറി പരിസരത്ത് നിൽക്കവേ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും ചേലക്കര പോലീസും സ്ഥലത്തെത്തി വെള്ളത്തിൽ നിന്നും കുട്ടിയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് സ്വദേശികളായ അക്ബർ, ഷഭാന എന്നിവരുടെ മകളാണ് വജിയ. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കവേയാണ് അപകടം ഉണ്ടായിരിക്കുന്നത്. ചേലക്കര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.