ചാവക്കാട്: ചാവക്കാട് പ്രാഥമിക കാർഷിക വികസന സഹകരണ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർഥി വിജയിച്ചതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതെന്ന പേരിൽ വന്ന പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ. പ്രാദേശികമായ ഗ്രൂപ് നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും ജില്ലാ ഭാരവാഹികൾ നൽകുന്ന പ്രസ്താവന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെയോ, നിയോജകമണ്ഡലം കമ്മിറ്റിയുടെയോ അറിവോടെ അല്ല. പരാതികൾ പറയേണ്ടത് പാർട്ടി ഫോറങ്ങളാണ്. പരസ്യ പ്രസ്താവനയിലൂടെയല്ല. രാജിവെച്ചൊഴിഞ്ഞ ജില്ലാ ഭാരവാഹിയുടെ അടക്കം പേരിൽ പ്രസ്താവന വിടുന്നത് ദുരൂഹമാണെന്നും, ഇത് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനാണെന്നും നിയോജകമണ്ഡലം പ്രസിഡന്റ് ആരോപിച്ചു. ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ മനഃപൂര്വമായ ശ്രമം നടത്തിയ ടി.എസ് അജിത്ത്, എ.എം അലാവുദ്ധീൻ അടക്കമുള്ള ഡിസിസി ഭാരവാഹികളുടെ കഴിവുകേട് മറച്ച് വെക്കാൻ വേണ്ടിയാണ് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ വാസ്തവ വിരുദ്ധമായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നത്. ഗുരുവായൂർ, പുന്നയൂർ മണ്ഡലങ്ങളിലെ 1000ലധികം വരുന്ന വോട്ടുകൾ പോൾ ചെയ്യിക്കാതെ ഔദ്യോഗിക സ്ഥാനാർഥിയുടെ പരാജയം ഉറപ്പു വരുത്തിയ ഡിസിസി ഭാരവാഹികൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും നിഖിൽ ജി കൃഷ്ണൻ അറിയിച്ചു.