തൃശൂർ: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ സമൂഹ മാധ്യമത്തിൽ വിമർശനമുന്നയിച്ച യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരൻ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റിൽ ആവശ്യപ്പെട്ടു. ‘കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാർട്ടി പ്രവർത്തകർ വി മുരളീധരനെ വിമാനത്താവളത്തിൽ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,’ എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ പാർട്ടി അച്ചടക്കം പാലിച്ച് പിൻ വലിക്കുന്നതായി കുറിപ്പ് ഇട്ടുവെങ്കിലും പാർട്ടിയെയും നേതാക്കളെയും സമൂഹ മാധ്യമത്തിൽ അപമാനിച്ചതിന് ആറ് വർഷത്തേക്ക് യുവമോർച്ചയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.