കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്‍റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കെ.കെ യുടെ അവസാനത്തെ സ്റ്റേജ് പ്രോഗ്രാം
തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. “ഞങ്ങൾക്ക് അദ്ദേഹത്തെ ചികിത്സിക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്,” ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.അദ്ദേഹത്തിന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും, ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ 10 മണിക്കൂർ മുമ്പ് കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
1990-കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നല്‍കിയത് കെ.കെയാണ്.
1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. ബോളിവുഡ് സിനിമകൾക്കായി നിരവധി ജനപ്രിയ ഗാനങ്ങൾ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്