പത്തനംതിട്ട: അമ്പലപ്പുഴയിൽ 22-കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ തോപ്പുംപടിയിൽ നിന്ന് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
25-നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം. വയോധിക വീട്ടിൽ ഒറ്റക്കായിരുന്നു താമസം. പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതിൽ ചാടിക്കടന്ന് വന്ന് വാതിലിൽ മുട്ടിവിളിക്കുകയായിരുന്നു. തുടർന്ന് ബലാത്കാരത്തിന് വിധേയയാക്കി. ഗുരുതരമായി പരിക്കേറ്റ വയോധികയെ രാത്രി തന്നെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നഴ്സിനോടാണ് പീഡനവിവരം വയോധിക വെളിപ്പെടുത്തിയത്. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ വയോധിക മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണ കാരണം എന്താണ് എന്നത് സംബന്ധിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളു. ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് പോസ്റ്റ്മോര്‍ട്ടം.