ഗുരുവായൂർ: ഗുരുവായൂരിൽ വൻ കവർച്ച. പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് 371 പവനും രണ്ട് ലക്ഷം രൂപയും മോഷണം പോയി. തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ അശ്വതി നിവാസില്‍ ബാലന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വീട്ടുകാര്‍ പുറത്ത് പോയ തക്കംനോക്കി വാതില്‍കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. കുടുംബ സമേതം തൃശൂര്‍ ശോഭ സിറ്റിയില്‍ സിനിമക്ക് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോൾ വീടിന് മുന്‍വശത്തെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടിന് പുറകിലെ മുകള്‍ നിലയില്‍ വാതില്‍ തുറന്ന് കിടക്കുന്നതായി കണ്ടു. ഇതുവഴി അകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലാക്കുന്നത്. താഴെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. അലമാര തകര്‍ത്ത് സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. വിദേശ കറന്‍സിയടക്കമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ഗുരുവായൂര്‍ എ.സി.പി കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ചിത്രം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വലിയ ബാഗുമായി ഒരാള്‍ വീടിന് പുറകിലെ മതില്‍ ചാടി കടക്കുന്ന ദൃശ്യമാണ് പതിഞ്ഞിട്ടുള്ളത്. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി എ.സി.പി കെ.ജി.സുരേഷ് പറഞ്ഞു.