തൃശ്ശൂർ: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ലുരോഗവിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കുള്ള കമ്പി വാങ്ങുന്നതിനെച്ചൊല്ലി തർക്കം. ഡോക്ടർ നിർദേശിച്ച കമ്പനിയുടെ കമ്പി വാങ്ങാത്തതിനെത്തുടർന്ന് നിശ്ചയിച്ച ശസ്ത്രക്രിയ മുടങ്ങി. പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയിന്മേൽ ചെയ്യേണ്ട ശസ്ത്രക്രിയയാണ് മുടങ്ങിയത്.
രണ്ടാഴ്ചമുൻപാണ് വീണുപരിക്കേറ്റ ചന്ദ്രശേഖരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചപ്പോഴാണ് കൈയിൽ സ്ഥാപിക്കാനുള്ള കമ്പി വാങ്ങാൻ നിർദേശിച്ചത്. എന്നാൽ, ആശുപത്രി ന്യായവില ഷോപ്പിൽനിന്ന് വാങ്ങിയ കമ്പി പറ്റില്ലെന്നും മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടർ നിർദേശിച്ചതായാണ് പരാതി. കമ്പിയെച്ചൊല്ലി ശസ്ത്രക്രിയ മുടങ്ങിയതിനെത്തുടർന്ന് രോഗി ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു.
ബുധനാഴ്ച വകുപ്പിലെ മുതിർന്ന ഡോക്ടർമാരുമായി വിഷയം ചർച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നാണ് സൂപ്രണ്ടും മറ്റു അധികാരികളും രോഗിക്ക് മറുപടി നൽകിയത്. പറഞ്ഞാൽ ഡോക്ടർ അനുസരിക്കാറില്ലെന്നും അധികാരികൾ പറഞ്ഞതായി ചന്ദ്രശേഖരൻ പറഞ്ഞു. ഓർത്തോവിഭാഗത്തിൽ യൂണിറ്റ് മൂന്നിലാണ് തർക്കമുണ്ടായത്. അതേസമയം വകുപ്പിലെ മറ്റു ഡോക്ടർമാരെല്ലാം ന്യായവില ഷോപ്പിൽനിന്നുള്ള കമ്പി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്.
ദീർഘനാളായി കമ്പിക്കച്ചവടത്തെച്ചൊല്ലിയുള്ള തർക്കം ഓർത്തോവിഭാഗത്തെ പിടിച്ചുകുലുക്കുകയാണ്. ഇത്തരം സംഘങ്ങൾക്ക് സ്വന്തമായി കമ്പിയുണ്ടാക്കുന്ന കമ്പനിയും വിൽപ്പന നടത്താൻ പലരുടെയും പിന്തുണയും ഉണ്ടെന്നാണ് മെഡിക്കൽ കോളേജ് ജീവനക്കാർ പറയുന്നത്. പിന്തുണയുള്ളതിനാൽ ഇവർക്കെതിരേയുള്ള പരാതികളൊന്നും വെളിച്ചം കാണാതെ പോകുകയാണ്.