ഗുരുവായൂർ: ഗുരുവായൂർ ബ്ലോക്കിൽ കോൺഗ്രസ് ഐ ഗ്രൂപ്പിൽ പോര്. കോൺഗ്രസ് മെമ്പർഷിപ്പ് കാപയിനിൽ ആളുകളെ ചേർക്കുന്നതിന് ഗുരുവായൂർ സ്വദേശിയായ ഡി.സി.സി സെക്രട്ടറി പണം നൽകി ആളെ ചുമതലപ്പെടുത്തിയെന്നാരോപിച്ച്
ബ്ലോക്ക് പ്രസിഡന്റ് രംഗത്തെത്തിയതാണ് ഇതിന് തുടക്കം. ഐ ഗ്രൂപ്പുകരനും കെ.സി വേണുഗോപാൽ പക്ഷക്കാരനുമായ ഡി.സി.സി സെക്രട്ടറി കാന്തല്ലൂരിൽ അടക്ക പറിക്കാൻ പോയതിനാലാണ് കാപയിനിൽ ആളുകളെ ചേർക്കുന്നതിന് പണം നൽകി മറ്റൊരാളെ നിയോഗിക്കേണ്ടി വന്നതെന്നായിരുന്നു ഇപ്പോൾ സുധാകരൻ അനുകൂലിയായ ബ്ലോക്ക് പ്രസിഡന്റിന്റെ അവഹേളനം.
ഇതിന് പിന്നാലെ താലൂക്ക് വികസന സമിതിയിലേക്ക് പുതിയ കോൺഗ്രസ് അംഗത്തെ ഡി.സി.സി തെരഞ്ഞെടുത്തതും ഐ ഗ്രൂപ്പ് നേതാവായ ബ്ലോക്ക് പ്രസിഡന്റിനെ ചൊടിപ്പിച്ചു. തന്റെ നോമിനിയായ റൂറൽ ബാങ്ക് ഡയറക്ടറെ ഈ സ്ഥാനത്ത് നിന്നും ഒഴിവാക്കി പുതിയ അംഗത്തെ ഡി.ഡി.സി തെരഞ്ഞെടുത്തുവെന്നായിരുന്നു ആരോപണം. പുതുതായി തെരഞ്ഞെടുത്ത അംഗം പാർട്ടിയിൽ യാതൊരു സ്ഥാനവും ഇല്ലാത്തയാളും പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തയാളുമാണെന്നായിരുന്നും ബ്ലോക്ക് പ്രസിഡന്റ് ആരോപിച്ചിരുന്നു.
സേവാദൾ ബ്ലോക്ക് പ്രസിഡന്റായിരുന്നയാളെ മാറ്റി മറ്റൊരു അംഗത്തിന് ചുമതല നൽകിയതും ഐ ഗ്രൂപ്രിൽ കലഹം മൂർഛിക്കാൻ കാരണമായി. ഐ ഗ്രൂപ്പ് അംഗങ്ങളായ കെ സി വേണുഗോപാൽ പക്ഷത്തിന് അനുകൂലമായാണ് ഡി.സി.സി നിലപാടെടുക്കുന്നുവെന്നാണ് ഐ ഗ്രൂപ്പിലെ എതിർചേരിക്കാർ പറയുന്നത്.
ഏറ്റവുമൊടുവിൽ പുന്നയിൽ നടന്ന ഇഫ്ത്താർ വിരുന്നിലേക്ക് പുന്നയിലെ പ്രമുഖ കോൺഗ്രസ് നേതാവും കെ.പി.സി.സി അംഗവുമായ പി.കെ അബൂബക്കർ ഹാജിയെ ക്ഷണിക്കാതിരുന്നതിന് പിന്നിൽ ബ്ലോക്ക് പ്രസിഡന്റിന്റെ ഇടപെടലാണെന്നാരോപിച്ച് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഇതോടെ അബൂബക്കർ ഹാജിയെ ഉദ്ഘാടകനാക്കി മറ്റൊരു ഇഫ്ത്താർ ഒരുക്കാൻ പുന്ന കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു. ഈ പരിപാടിയിലേക്ക് ബ്ലോക്ക് പ്രസിഡന്റ് വിരുദ്ധരായ മുഴുവൻ കോൺഗ്രസ് നേതാക്കളെയും ക്ഷണിക്കുകയും ചെയ്തു. ബ്ലോക്ക് പ്രസിഡണ്ടിനെ ക്ഷണിച്ചിട്ടില്ലെന്നാണ് ഇവരെ അറിയിച്ചിരുന്നത്. എന്നാൽ, ഇഫ്ത്താർ സംഗമം നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ബ്ലോക്ക് പ്രസിഡണ്ട് എത്തിയതോടെ ഒരു വിഭാഗം നേതാക്കൾ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയിൽ മുമ്പ് എ-ഐ ഗ്രൂപ്പുകൾ തമ്മിലായിരുന്നു പേര്. എന്നാൽ, ഇപ്പോൾ ഐ ഗ്രൂപ്പിനുള്ളിൽ തന്നെ ചേരിപ്പോര് രൂക്ഷമായതോടെ ഗുരുവായൂർ മണ്ഡലത്തിൽ നിഷ്പക്ഷരായ പ്രവർത്തകർ പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കാനുള്ള ഒരുക്കത്തിലാണ്.