ചാവക്കാട്: തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന “കാൻ തൃശൂർ” പദ്ധതിയുടെ കൈപുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോദ്ഘാടനം നടന്നു. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ശ്രീജക്ക് കൈപുസ്തകം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ എം.ബി പ്രമീള, പബ്ലിക്ക് ഹെൽത്ത് നേഴ്സ് കെ.എസ് പ്രഭ എന്നിവർ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.വി അജയ് കുമാർ പദ്ധതി വിശദീകരണം നടത്തി. കാൻസർ രോഗികളെ നേരത്തെ കണ്ടെത്താനും അത് വഴി വിജയകരമായി ചികിത്സിച്ച് ഭേദമാക്കാനും രൂപീകരിച്ച പദ്ധതിയാണ് കാൻ തൃശൂർ. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടപ്പിലാക്കപ്പെട്ട ആരോഗ്യ പദ്ധതികളിൽ കാൻ തൃശൂർ ഏറെ ശ്രദ്ധ നേടിയിരുന്നു.