Saturday, November 23, 2024

വെങ്ങിണിശേരിയിൽ കൊലപാതകത്തിനായെത്തിയ ക്വട്ടേഷൻ സംഘം അറസ്റ്റിൽ; എത്തിയത് ചേർപ്പിലെ ഗുണ്ടാ നേതാവിനെ കൊല്ലാൻ

ചേർപ്പ്: തൃശൂരിൽ കൊലപാതകം ലക്ഷ്യമിട്ട് എത്തിയ ഗുണ്ടാ സംഘം അറസ്റ്റിലായി. കുപ്രസിദ്ധ ഗുണ്ടകളായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശികളായ കാറ്റാടിയിൽ വീട്ടിൽ ലിപിൻ (30),തൊട്ടിമലിയിൽ വീട്ടിൽ അച്ചു സന്തോഷ് (25) തൈവേലിക്കകത്ത് വീട്ടിൽ നിക്കോളാസ് (21), മേടയിൽ വീട്ടിൽ അലക്സ്‌ പാസ്കൽ (23), ചെറിയ പള്ളിക്കുന്ന് വീട്ടിൽ ബിബിൻ ബാബു (25) ചെമ്പകപറമ്പിൽ വീട്ടിൽ നിഖിൽ ദാസ് (36), തൃശൂർ ചേർപ്പ് സ്വദേശികളായ മാളിയേക്കൽ വീട്ടിൽ ജിനു ജോസ് (24) മിജോ ജോസ് (20) മേനോത്തുപറമ്പിൽ സജൽ (28) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു കെ.തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു , എസ്.ഐ. ജെ.ജെയ്സ്സൻ എന്നിവർ പിടികൂടിയത്. തിങ്കളാഴ്ചയാണ് നാടിനെ കുലുക്കിയ സംഭവങ്ങളുടെ തുടക്കം. പുലർച്ചെ വെങ്ങിണിശ്ശേരിയിൽ ലോറിയിലിടിച്ച് സഞ്ചാര യോഗ്യമല്ലാതെ കിടന്ന കാറ് പോലീസ് എത്തി പരിശോധിച്ചപ്പോൾ കൊടുവാൾ കണ്ടെത്തിയതോടെ ചേർപ്പ് ഇൻസ്പെക്ടറും എസ്.ഐ. യും സംഘവും സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോദിച്ചും ദൃക്സാക്ഷികളിൽ നിന്നു ലഭിച്ച വിവരങ്ങളും വച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിൽ പെട്ട കാറിൽ നിന്ന് നിരവധി മാരക ആയുധങ്ങൾ മറ്റൊരു കാറിൽ കയറ്റി കുറച്ചുപേർ രക്ഷപ്പെട്ടതായി കണ്ടെത്തുന്നത്. ഉടൻ തന്നെ രണ്ടു സംഘങ്ങളായി മേഘലയാകെ അരിച്ചുപെറുക്കി.
ഇതിനിടെ രണ്ടാമത്തെ കാർ പല സ്ഥലങ്ങളിൽ കണ്ടെന്ന വിവരങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘത്തിന്റെ മുന്നിൽപ്പെട്ട അക്രമിസംഘത്തിന്റെ കാർ സി.ഐയും സംഘവും തടയാൻ ശ്രമിച്ചെങ്കിലും ചൊവ്വൂരിൽ റോഡു പണിക്കായി കൂട്ടിയിട്ട മൻ കൂനക്കു മുകളിലൂടെ കാർ കയറ്റി പ്രതികൾ രക്ഷപ്പെട്ടു. ഇതോടെ രണ്ടു വാഹനങ്ങളിലായി പിൻതുടർന്ന പോലീസ്‌സംഘത്തിൽ എസ്.ഐ.യുടെ ജീപ്പ് മുന്നിൽ കയറ്റി പ്രതികളുടെ കാർ തടഞ്ഞു. എന്നാൽ ജീപ്പിലേക്ക് കാർ ഇടിച്ചു കയറ്റി എസ്.ഐ. ജെയ്സനേയും സംഘത്തേയും അപായപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം പ്രതികളെ സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ടു പിടികൂടി. ഇതോടെയാണ് പോലീസ് അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ചോദ്യം ചെയ്യലിൽ തങ്ങൾ പിടിച്ചവർ സംസ്ഥാനത്ത് നിരവധി കൊലപാതകം കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ പോലീസിനെ ആക്രമിച്ച കേസ്സുകളിലെ അടക്കം കൊടും ക്രിമിനലുകളാണെന്ന് അറിയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിരവധി കേസ്സുകളിലെ പ്രതിയും ചേർപ്പ് സ്വദേശിയുമായ ഗിവർ എന്നയാളെ കൊലപ്പെടുത്തുവാൻ എത്തിയതാണെന്നു പ്രതികൾ സമ്മതിച്ചു. ഇപ്പോൾ അറസ്റ്റിലായ മാളിയേക്കൽ ജിനു, മിജോ എന്നിവർ സാക്ഷികളായ കൊലപാതകക്കേസിലെ പ്രതിക്കെതിരെ സാക്ഷി പറഞ്ഞാൽ കഥ കഴിക്കുമെന്ന് കഴിഞ്ഞ ദിവസം ഗിവറും സുഹൃത്തും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നു ഇവർ തമ്മിൽ നേരിട്ടും ഫോണിലൂടെയും വെല്ലുവിളികളും നടന്നിരുന്നു. ഇതിൽ പ്രകോപിതനായ ജിനു സെൻട്രൽ ജയിലിൽ വച്ചുള്ള സൗഹൃത്തായ കുപ്രസിദ്ധ ഗുണ്ട ഏറ്റുമാനൂർ സ്വദേശി അച്ചു സന്തോഷിനെയും സംഘത്തേയും വിളിച്ചു വരുത്തി. തിങ്കളാഴ്ച രാത്രിയെത്തിയ സംഘം ഗിവറിനെ അന്വേഷിച്ച് നടന്നെങ്കിലും ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഇയാൾ മുങ്ങി നടന്നു. രാത്രി ഏറെ അലഞ്ഞ സംഘം രാവിലെ വീണ്ടും ഇരയെ തേടിയുള്ള യാത്രയിലാണ് ലോറിയിലിടിച്ച് കാറിന് കേടുപാട് സംഭവിക്കുന്നതും. സംഭവ സ്ഥലത്ത് പോലീസ് എത്തുന്നതും. ഇതേ തുടർന്ന് നാട്ടിലേക്ക് രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനിടെ പോലീസ് സാഹസികമായി പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments