തൃശൂർ: ബി.ജെ.പി പ്രതിഷേധ പ്രകടനത്തിലേക്ക് കാർ പാഞ്ഞു കയറി. നാലു പേർക്ക് പരിക്ക്. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലേക്കാണ് കാർ പാഞ്ഞ് കയറിയത്. തൃശൂർ നടത്തറയിൽ ഇന്ന് വൈകീട്ടാണ് സംഭവം. മൂന്ന് ബി.ജെ.പി പ്രവർത്തകർക്കും ഒരു വഴിയാത്രക്കാരനും പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ ബി.ജെ.പി പ്രവർത്തകരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർ ഓടിച്ച ആൾ മദ്യപിച്ചതായി പോലീസ് പറഞ്ഞു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.