ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ രണ്ടരയ്ക്ക് തുടങ്ങും. മൂന്നര വരെയുണ്ടാകും. തുടർന്ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളാകും. ഇന്ന് രാത്രി അത്താഴപ്പൂജയ്ക്ക് ശേഷം കീഴ്ശാന്തിക്കാർ ശ്രീലകത്ത് വിഷുക്കണി ഒരുക്കും. വെള്ളിയാഴ്ച പുലർച്ചെ 2.15-ന് മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിക്കും. കണിക്കോപ്പിലെ നറുനെയ് നിറച്ച നാളികേരമുറികളിലുള്ള അരിത്തിരികളിലേക്ക് അഗ്നി പകരും. ഗുരുവായൂരപ്പനെ കണികാണിച്ച് തൃക്കൈയിൽ വിഷുക്കൈനീട്ടം സമർപ്പിക്കും. ഭക്തർക്ക് കണിദർശനത്തിന് ശ്രീലകവാതിൽ തുറക്കും. ക്ഷേത്രപരിചാരകർക്കും ഭക്തർക്കും മേൽശാന്തി കൈനീട്ടം നൽകും. ക്ഷേത്രത്തിൽ നാളെ വിഷുവിളക്ക് സമ്പൂർണ നെയ്‌വിളക്കായി ആഘോഷിക്കും. ലണ്ടനിൽ വ്യവസായിയായിരുന്ന ഗുരുവായൂർ തെക്കുമുറി ഹരിദാസിന്റെ പേരിലാണ് വിളക്കാഘോഷം. രാത്രി വിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ പതിനായിരത്തോളം ദീപങ്ങളിൽ നെയ്ത്തിരികൾ ജ്വലിക്കും.