കുതിരാൻ (തൃശൂർ) : വഴുക്കുമ്പാറയിൽ ടൂറിസ്റ്റ് ബസ് റോഡിൽ മറിഞ്ഞു. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ജീവനക്കാരടക്കം 21 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കുതിരാൻ മേഖലയിൽ നിലവിലെ റോഡിൽനിന്ന് ഒമ്പതു മീറ്റർ ഉയരത്തിൽ നിർമിക്കുന്ന പുതിയ റോഡിന്റെ പണികൾ പുരോഗമിക്കുന്നുണ്ട്.
അതുകൊണ്ട് തൃശ്ശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളെ വഴുക്കുമ്പാറയിൽനിന്ന് സർവീസ് റോഡിലൂടെ തിരിച്ചാണ് വിടുന്നത്. ഇത് സംബന്ധിക്കുന്ന സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ വേഗത്തിൽ വന്ന ബസ് പെട്ടെന്ന് സർവീസ് റോഡിലേക്ക് തിരിയാൻ ശ്രമിച്ചപ്പോൾ മറിയുകയായിരുന്നു.
പീച്ചി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ്, തൃശ്ശൂരിൽ നിന്നെത്തിയ ഒരു യൂണിറ്റ് അഗ്നിരക്ഷാസേന എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.