തൃശൂർ: നഗരത്തിലെ സാധാരണക്കാരെ മലിനജലം കുടിപ്പിക്കുന്ന അധികൃതർക്കെതിരെ സമരം ചെയ്ത പ്രതിപക്ഷ കൗൺസിലർമാരെ വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായി ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട് ഒളിവിൽ കഴിയുന്ന തൃശൂർ കോർപ്പറേഷൻ മേയറെ കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ മുഖ്യാതിഥിയാക്കിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കോർപ്പറേഷൻ കൗൺസിലറും നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയൽ ആരോപിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിലാണ് ജാമ്യമില്ലാക്കേസിലെ പിടികിട്ടാപ്പുള്ളിയെ മുഖ്യാതിഥിയായി ആദരിക്കുന്നത്.
ഇത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.
എം.എൽ.എയുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് വധശ്രമക്കേസ് പ്രതിയെ മുഖ്യാതിഥിയായി എഴുന്നള്ളിക്കുന്നത്. ജനകീയ പ്രശ്നത്തിൽ സമരം ചെയ്ത ജനപ്രതിനിധികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് ജാമ്യമില്ലാ വകുപ്പിൽ പ്രതി ചേർത്ത് കേസെടുത്ത് മൂന്നു ദിവസം കഴിഞ്ഞിട്ടും മേയറെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടിയെടുക്കാത്തത് അസോസിയേഷൻ സമ്മേളനത്തിൽ ആദരിക്കാനായിരുന്നുവോ എന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കണം. തന്നെ അറസ്റ്റ് ചെയ്താൽ ഇടത് മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന മേയറുടെ ഭീഷണിക്കു മുമ്പിൽ മുട്ടുമടക്കിയ സി.പി.എം നേതൃത്വം മേയറെ പ്രീതിപ്പെടുത്താൻ പോലീസിനെ ചട്ടുകമാക്കുകയാണന്നും ജോൺ ഡാനിയേൽ ആരോപിച്ചു.