പട്ടാമ്പി: ഭാരതപ്പുഴയില്‍ ഗുരുവായൂർ സ്വദേശിനിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മുങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈപ്പത്തി അറ്റുപോയത് തെരുവ് നായക്കളുടെ കടിയേറ്റാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം ഭർതൃ വീട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് യുവതി എത്തിയത് സംബന്ധിച്ച ദുരുഹത നീക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. മാനസികാസ്വാസ്ഥ്യമുള്ള യുവതി പട്ടാമ്പിയിലേക്ക് എങ്ങനെ എത്തിയതിനെക്കുറിച്ച് വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് ഭര്‍തൃവീടായ കൈപ്പറമ്പില്‍ താമസിച്ച് വരികയായിരുന്ന ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിതയെ (28) പട്ടാമ്പി പാലത്തിനുസമീപം ഭാരതപ്പുഴയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃത്താല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി വിജയകുമാര്‍, പേരാമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വി അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഹരിതയുടെ ബാഗും രേഖകളടങ്ങിയ മറ്റൊരു കവറും ദേഹത്തും തെരുവുനായകള്‍ കടിച്ചുപറിച്ച നിലയില്‍ കണ്ടെത്തി. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കളും പോലീസും പറയുന്നു. ഇവര്‍ അസുഖത്തിന് ചികിത്സ തേടിയിരുന്നതായും പോലീസ് പറഞ്ഞു. ആറരവര്‍ഷം മുമ്പായിരുന്നു യുവതിയുടെ വിവാഹം. വിവാഹത്തിനുശേഷം കൈപ്പറമ്പ് പോന്നോരിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് നേരിട്ട് ബസ് സര്‍വീസുണ്ട്. ബസില്‍ കയറി പട്ടാമ്പിയിലെത്തിയാതാകാമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ച് നിലവില്‍ നില്‍ക്കുന്ന സംശയം ദൂരീകരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് പേരമംഗലം പോലീസ്.