ചാവക്കാട്: ഇന്ന് നടന്ന ചാവക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ഐ.എൻ.എല്ലിന്റെ പ്രതിനിധികളായി രണ്ട് പേർ എത്തിയതിനെ ചൊല്ലി തർക്കം.
നിയമസഭയിൽ അംഗത്വമുള്ള ഐ.എൻ.എല്ലിന്റെ പ്രാതിനിധ്യത്തിൽ ഒരാൾ മാത്രം പങ്കെടുക്കേണ്ടതിനു പകരം യോഗത്തിന് രണ്ടു പേർ എത്തിയതാണ് തർക്കത്തിന് കാരണമായത്. ഐ.എൻ.എൽ ജില്ലാ മുൻ സെക്രട്ടറി പി.എം നൗഷാദ്, ആർ.എച്ച് സലീം എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് എൻ.സി.പി.യിലെ എം.കെ ഷംസുദ്ദീൻ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ നൗഷാദ് പങ്കെടുത്തിരുന്നു. എന്നാൽ ഇതിനിടയിൽ ഐ.എൻ.എൽ രണ്ടായി പിളർന്നു. നൗഷാദ് വഹാബ് പക്ഷക്കാരനാണ്. നിയമസഭയിൽ അംഗമുള്ള ഐ.എൻ.എലിന്റെ പ്രതിനിധി ആർ.എച്ച് സലീമാണ്.