ചാവക്കാട്: ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്ത് പതിറ്റാണ്ടുകളായി തണൽ വിരിച്ച് നിൽക്കുന്ന ചീനിമരങ്ങൾ കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചു നീക്കുന്നതിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന് ആരോപണം. ചാവക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ഐ.എൻ.എൽ പ്രതിനിധിയായി പങ്കെടുത്ത മുസ്ലിം ലീഗ് ഗുരുവായൂർ നഗരസഭ മുൻ കൗൺസിലർ കൂടിയായ ആർ.എച്ച് സലീമാണ് വിവാദ പരമാർശം നടത്തിയത്. ചീനിമരങ്ങൾ ഉടനെ മുറിച്ചു കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ ഐ.എൻ.എൽ പ്രതിനിധിയായി പങ്കെടുത്ത പി.എം നൗഷാദ് പ്രതിഷേധവുമായി എഴുന്നേറ്റു. പരിസ്ഥിതി പ്രവർത്തകരെ തീവ്രവാദികളായി മുദ്രകുത്തുന്ന വിവാദ പരാമർശം മിനുട്ട്സിൽ രേഖപ്പെടുത്താനാവില്ലെന്ന് നൗഷാദ് ആവശ്യപ്പെട്ടു. ചീനിമരം മുറിക്കുന്നതിനെതിരെ ചിപ്ക്കോയുടെ നേതൃത്വത്തിൽ ചീനിമര സംരക്ഷണ സംഘടിപ്പിച്ചിരുന്നു. മേഖലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പരിസ്ഥിതി പ്രവർത്തകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.