കുന്നംകുളം: കുന്നംകുളത്ത് വൻ തീപിടുത്തത്തിൽ പുതിയ ഇരുനില കെട്ടിടം പൂർണമായി കത്തി നശിച്ചു. വൈകീട്ട് ഏഴേ മുക്കാലോടെയാണ് തീപിടുത്തം. ഒരു കൺസ്ട്രക്ഷൻ കമ്പനി ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. ആളപായമില്ല. എന്നാൽ തീ അണക്കുന്നതിനിടെ പുകശ്വസിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കെട്ടിടത്തിൽ ഒരു ജന സേവാ കേന്ദ്രവും പ്രവർത്തിച്ചിരുന്നു. അഗ്നിരക്ഷാ സേനയെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഉദ്ദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തുന്നു. കെട്ടിടത്തിൽ ബെൻ കോ എന്ന പേരിലുള്ള ഒരു പെയിന്റ് കട പ്രവർത്തിച്ചിരുന്നു. ഈ കടയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. കുന്നംകുളം ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ തീവ്രശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണക്കുന്നതിനിടെ കുന്നംകുളം അഗ്നിരക്ഷാനിലയത്തിലെ രണ്ട് സേനാംഗങ്ങൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.