ഗുരുവായൂർ: ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിലാകും മുന്തിയ പരിഗണനയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാനായി ചുമതലയേറ്റ ഡോ. വി.കെ വിജയൻ പറഞ്ഞു. ഏറ്റവും മുഖ്യമായ ചുമതല ഭക്തജനക്ഷേമം തന്നെയാണ്. കാര്യങ്ങൾ പഠിച്ചു വരുന്നതേ ഉള്ളൂ. പഠിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാം. ഞങ്ങൾ സാധാരണ മനുഷ്യരാണ്. വീഴ്ചകൾ പറ്റിയാൽ ചുണ്ടിക്കാണിക്കാം. അത് തിരുത്തും. എല്ലാവരുടെയും പിന്തുണയും സഹകരണവും ചെയർമാൻ അഭ്യർത്ഥിച്ചു.
സദാശിവസമാരംഭാം
ശങ്കരാചാര്യ മാദ്ധ്യമാം
തസ്മദാചാര്യ പര്യന്താo
വന്ദേ ഗുരു പരമ്പരാം
എന്ന ശ്ലോകത്തോടെ ഗുരുപരമ്പരയെ പ്രകീർത്തിച്ചു പ്രസംഗം തുടങ്ങിയ അദ്ദേഹം, നമ്മുക്കിടയിൽ വിദ്വേഷങ്ങളുണ്ടാകാതിരിക്കട്ടെ എന്ന ഉപനിഷദ് പ്രാർത്ഥനയോടെയാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെയാണ് ഒന്നാമതായി പരിഗണിക്കേണ്ടതെന്ന് പുതുതായി സ്ഥാനമേറ്റ ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. ഭക്തരുടെ ആത്മസംതൃപ്തിക്കായി കഴിയുന്നതെല്ലാം ചെയ്യണം. ഭക്തരോട് വിവേചനമില്ലാതെ പെരുമാറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.