കടപ്പുറം: കടപ്പുറം പഞ്ചായത്തിലെ പലയിടങ്ങളിലും പൊതുടാപ്പുകളിൽ വെള്ളം ലഭിക്കാത്തത് മൂലം ജനങ്ങൾ ഏറെ ദുരിതത്തിൽ. തൊട്ടാപ്പ്, ആറങ്ങാടി, നോളിറോഡ്, മാട്, സുനാമികോളനി, കിഴക്കെ ബ്ലാങ്ങാട്, മുനക്കക്കടവ് എന്നീ പ്രദേശങ്ങളിലെ പൊതുടാപ്പുകളിലാണ് രണ്ടാഴ്ചയായി കുടിവെള്ളം ലഭിക്കാത്തത് മൂലം ജനങ്ങൾ വലിയ പ്രയാസം നേരിട്ട് കൊണ്ടിരിക്കുന്നത്. ദിവസവും വൈകീട്ട് ഒരു മണിക്കൂർ നേരം ടാപ്പുകളിൽ നിന്നും ലഭിച്ചിരുന്ന വെള്ളമാണ് ജനങ്ങൾ ആശ്രയിച്ചിരുന്നത്. രണ്ടാഴ്ചയോളമായി ഈ ടാപ്പുകളിൽ വെള്ളം വരാത്തത് മൂലം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും നിത്യോപയാഗത്തിനു പൈസ കൊടുത്ത് വെള്ളം വാങ്ങേണ്ട സാഹചര്യമാണ് ഉള്ളതെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരമായി വാട്ടർ അതോറിറ്റി എഞ്ചിനീയരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കടപ്പുറം പഞ്ചായത്തിലെ കുടിവെള്ള വിഷയത്തിനു അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് ഭാരവാഹി യോഗം ആവശ്യപ്പെട്ടു. ഉടൻ പരിഹാരമായില്ലെങ്കിൽ വാട്ടർ അതോറിട്ടിക്കെതിരെ ശക്തമായ സമരത്തിന് യൂത്ത് ലീഗ് തയ്യാറാകുമെന്നും നേതാക്കൾ പറഞ്ഞു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.എ അഷ്‌കർഅലി, പി.കെ അലി, പി.എ അൻവർ, ഷബീർ പുതിയങ്ങാടി, റിയാസ് പൊന്നാക്കാരൻ, ആരിഫ് വട്ടേക്കാട്, ഹകീം കുമാരൻപാടി എന്നിവർ പങ്കെടുത്തു.