Friday, September 20, 2024

‘പാചകത്തിന് ബ്രാഹ്മണര്‍’: വിവാദമായതോടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരസ്യം മന്ത്രി ഇടപെട്ട് റദ്ദാക്കി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം വിവാദമായതോടെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ക്വട്ടേഷന്‍ വിളിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു. ഫെബ്രുവരി 14 മുതല്‍ 23 വരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ചുളള പ്രസാദ ഊട്ടിലേക്കും പകര്‍ച്ച വിതരണത്തിനും ആവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിനായി എല്ലാ വര്‍ഷവും ദേവസ്വം ക്വട്ടേഷന്‍ വിളിക്കാറുണ്ട്. ഭക്ഷണം തയ്യാറാക്കല്‍, പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷണങ്ങളാക്കല്‍, കലവറയില്‍നിന്നും സാധന സാമഗ്രികള്‍ അഗ്രശാലയിലെത്തിക്കല്‍, പാകം ചെയ്തവ വിതരണ പന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ അഗ്രശാലയിലെത്തിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ക്കായാണ് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പറയുന്ന പ്രധാന വ്യവസ്ഥയാണ് പാചക പ്രവര്‍ത്തിക്ക് വരുന്നവരും അവര്‍ക്കൊപ്പമെത്തുന്ന സഹായികളും ബ്രാഹ്മണരായിരിക്കണമെന്നത്. ഈ മാസം പതിനേഴിന് പുറത്തിറക്കിയ നോട്ടീസിലെ നിബന്ധനകള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനത്തിന് ഇടയാക്കി. കാലങ്ങളായി പിന്തുടരുന്ന കീഴ്‌വഴക്കമെന്നാണ് സംഭവത്തില്‍ ദേവസ്വം അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ടതും ദേവസ്വം വകുപ്പ് നടപടി തുടങ്ങി. ക്വട്ടേഷന്‍ നോട്ടീസിലെ വിവാദ വ്യവസ്ഥ പിന്‍വലിച്ച് പുതിയത് ഇറക്കാന്‍ ദേവസ്വം മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments