Friday, September 20, 2024

മണ്ണു കടത്തുകാർക്ക് എസ്.ഐയുടെ നീക്കങ്ങൾ ചോർത്തി നൽകി; കുന്നംകുളത്ത് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുന്നംകുളം: മണ്ണു കടത്തുകാർക്ക് എസ്.ഐയുടെ നീക്കങ്ങൾ ചോർത്തി നൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജോയ് തോമസ്, ഗോകുലന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ റഷീദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബിന്‍, ഷെജീര്‍, ഹരികൃഷ്ണന്‍, എരുമപ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ നാരായണന്‍ എന്നിവരാണ് സസ്പെന്‍ഷനിലായവര്‍. കുന്നംകുളം സ്റ്റേഷനിലെ രണ്ട് ഗ്രേഡ് എസ്ഐമാര്‍ അച്ചടക്ക നടപടി നേരിട്ടു. 

കൂട്ട സസ്പെൻഷന് ഇടയാക്കിയ സംഭവം ഇങ്ങനെ:

മണ്ണു കടത്ത് വ്യാപകമാണെങ്കിലും എസ്ഐ നേരിട്ട് പരിശോധനയ്ക്കിറങ്ങിയാല്‍ പലപ്പോഴും ഇവരെ ‘മഷിയിട്ട് നോക്കിയാല്‍ ’പോലും കാണാറില്ല. കഴിഞ്ഞ ദിവസം എസ്ഐയുടെ മുമ്പില്‍ മണ്ണു ലോറി ‘പെട്ടു’. പാസില്ലാതെ മണ്ണ് കടത്തിയ ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ഫോണ്‍ എസ്ഐ പിടിച്ചെടുത്തു.”

എസ്ഐയുടെ കയ്യിലിരുന്ന ഫോണിലേക്കു നിര്‍ത്താതെ കോളുകള്‍ വന്നു. വിളിക്കുന്നവരാകട്ടെ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരും. ഇതോടെ മണ്ണു കടത്തുകാരും പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ‘അവിശുദ്ധ കൂട്ടുക്കെട്ട്’ ഉണ്ടെന്ന് വ്യക്തമായി. മണ്ണു കടത്തുകാരുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍, നേരത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ സംഭാഷണം കിട്ടി. പൊലീസുകാരുടെ സംഭാഷണം ഫോണില്‍ സേവ് ആയിരുന്നു. ഇതിനു പുറമെ, കോള്‍ വിവര പട്ടിക ശേഖരിച്ചു.

തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ആദിത്യ പ്രത്യേക അന്വേഷണത്തിന് നിർദേശം നല്‍കി. മേലുദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ മണ്ണു കടത്തുകാര്‍ക്ക് എസ്ഐയുടെ നീക്കങ്ങള്‍ ചോര്‍ത്തി കൊടുത്തത് സഹപ്രവര്‍ത്തകര്‍ തന്നെയാണെന്ന് വ്യക്തമായി. ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടവരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments