തൃശൂർ: കെ.എസ്.യു തൃശൂർ ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു. കെ.എസ്.യു ഉൾപ്പടെ പോഷകസംഘടനകളുമായുള്ള ബന്ധവും അവസാനിപ്പിച്ചതായും ഡേവിഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ യൂത്ത്‌കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ തള്ളിപറയില്ലെന്നും പിന്തുണക്കുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ യാതൊരുകുറ്റവും ചെയ്യാത്ത തനിക്കെതിരെ നടപടിക്കാണ് നീക്കമെന്ന് ഡേവിഡ് ആരോപിക്കുന്നു. നേരത്തെ കെഎസ്‌യു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തന്നെ നീക്കിയെങ്കിലും പിന്നീട് നടപടി പിൻവലിക്കേണ്ടിവന്നു. സഹപ്രവർത്തകനായ കെ.എസ്.യു നേതാവിനെ പോക്‌സോ കേസിൽ കുടുക്കി പ്രസ്ഥാനത്തിൽനിന്ന് പുറത്താക്കി. മറ്റൊരു ആയുധവുമായി തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കൂടെയുണ്ടെന്ന് നടിച്ച് ചതിക്കുന്ന പാരമ്പര്യമാണ് നേതാക്കൾക്കും കോൺഗ്രസ് പ്രസ്ഥാനത്തിനുമുള്ളത്. അത് തിരിച്ചറിയാൻ വൈകിയതായി ഡേവീഡ് പ്രസ്‌താവനയിൽ പറയുന്നു. ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പമുള്ള എ വിഭാഗത്തിലായിരുന്ന ഡേവിഡ് ഗ്രൂപ്പ് പോരിനെ തുടർന്ന് അടുത്തിടെ കെ.സി വേണുഗോപാൽ ഗ്രൂപ്പിലേക്ക് മാറിയിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം ആസൂത്രിതമായി തനിക്കെതിരെ ചതിപ്രയോഗങ്ങൾ നടക്കുന്നതായി ഡേവീഡ് പറയുന്നു. അടുത്ത ദിവസം മാധ്യമങ്ങളെ കാണുമെന്നും പല കാര്യങ്ങളും തുറന്നു പറയുമെന്നും ഡേവിഡ് പറഞ്ഞു.