പുന്നയൂർക്കുളം: അണ്ടത്തോട് സെന്ററിൽ മയക്കുമരുന്ന് ലഹരിയിൽ യുവാക്കളുടെ വിളയാട്ടം. ബൈക്ക് തടഞ്ഞ് നിർത്തിയ സംഘം രണ്ട് യുവാക്കളെ മർദ്ദിച്ചു. അണ്ടത്തോട് സെന്ററിൽ വെള്ളിയാഴ്ച്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. മർദ്ദനത്തിൽ പരിക്കേറ്റ അണ്ടത്തോട് വടക്കേപ്പുറത്ത് 18 വയസുള്ള സിറാജ്, മുക്രിയകത്ത് 17 വയസുള്ള ഇർഫാൻ എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം കണ്ട് ഓടിയെത്തിയ നാട്ടുകാരെ കണ്ട് അക്രമികൾ രക്ഷപെട്ടു. അണ്ടത്തോട് പള്ളിയിൽ നിന്ന് ജുമുഅ നമസ്ക്കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നവരെ അസഭ്യം പറഞ്ഞ സംഘം പിന്നീട് സമീപത്തെ ലാബിനു മുന്നിൽ നിന്ന പെൺകുട്ടികൾക്ക് നേരെയും അസഭ്യവർഷം ചൊരിഞ്ഞു. സംഭവമറിഞ്ഞ് വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ലഹരിയിൽ എത്തിയവരാണ് അക്രമികളായ രണ്ട് യുവാക്കളെന്നും നാട്ടുകാർ പറഞ്ഞു.