Friday, September 20, 2024

പൊന്നാനിയിലെ യാത്രാസംഘം തമിഴ്‌നാട്ടിലെ ‘പൊന്നാനി’ യിലെത്തിയതിന്റെ ആഹ്ലാദത്തിലാണ്

പൊന്നാനി: കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽനിന്നും യാത്രതിരിച്ച സംഘം തമിഴ്‌നാട്ടിലെ പൊന്നാനി കണ്ടത്തിയതിന്റെ ആഹ്ലാദത്തിലാണ്. മാധ്യമ പ്രവർത്തകരായ റഫീഖ് പുതുപൊന്നാനി, ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിൽ ആറംഗസംഘം നടത്തിയ യാത്രയിലാണ് തമിഴ്‌നാട്ടിലെ പൊന്നാനി കണ്ടെത്തിയത്. തേയിലത്തോട്ടങ്ങൾ നിറഞ്ഞൊരു മനോഹരമായൊരുഗ്രാമമാണ്. തേയിലത്തോട്ടങ്ങൾക്ക് ഇടയിലൂടെയായി ഒഴുകുന്ന പൊന്നാനിപ്പുഴ കേരളത്തിലെ പൊന്നാനിയുടെ കനോലി കനാലിനോട് സാമ്യതയുണ്ട്. പൊന്നാനിയിൽനിന്ന് നിലമ്പൂർവഴി ഗൂഡല്ലൂരിലെത്തിയ യാത്രാസംഘം ഗൂഡല്ലൂരിൽനിന്ന് വയനാട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്കിടയിൽ ദേവർശോല കഴിഞ്ഞപ്പോഴാണ് പൊന്നാനി ആറ് കി.മീറ്റർ എന്ന് തമിഴിലും ഇംഗ്ലീഷിലുമായി എഴുതിയ ബോർഡ് ശ്രദ്ധയിൽപ്പെടുന്നത്. ഇതേത്തുടർന്നാണ് പൊന്നാനിയിലെത്തുന്നത്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ നെല്ലിയാളം ഗ്രാമപ്പഞ്ചായത്തിലാണ് ‘പൊന്നാനി’ എന്ന പ്രദേശം. കേരളത്തിൽനിന്ന് കുടിയേറിയ നിരവധികുടുംബങ്ങൾ ഈ പൊന്നാനിയിലുണ്ട്. കേരളത്തിലെ പൊന്നാനിയുടെ നാട്ടുവഴികൾക്ക് സമാനമായ വഴികളും തമിഴ്‌നാട്ടിലെ പൊന്നാനിയിലുണ്ട്. പൊന്നാനിയിലെ യാത്രാസംഘത്തിലെ ആറുപേരിൽ പി.പി. റഫീഖ്, ഖഫീൽ പള്ളിപ്പടി, ഇർഷാദ് ജമലുല്ലൈലി തങ്ങൾ, എ.കെ. സക്കീർ എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments