ഗുരുവായൂർ: കാര്‍ഗില്‍ യുദ്ധ നായകന്‍ ഹോണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദേവസ്വം സെക്യൂരിറ്റി സൂപ്പര്‍ വൈസര്‍ വി.ഹരിദാസിന്റെ നേതൃത്വത്തില്‍ ഡ്യൂട്ടിയിലുള്ള വിമുക്ത ഭടന്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. രാവിലെ ആറരയോടെ ശ്രീവല്‍സം അതിഥി മന്ദിരത്തിലെത്തിയ യോഗേന്ദ്ര സിങ് യാദവിനെ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ്, ഭരണ സമിതി അംഗം കെ.വി.ഷാജി, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആറേമുക്കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശീവേലി കണ്ടശേഷമാണ് ഗുരുവായൂരപ്പനെ ദര്‍ശിച്ചത്. ശ്രീകോവിലിന് മുന്നില്‍ ഭഗവാനെ കണ്ട് വണങ്ങി കാണിക്കയര്‍പ്പിച്ച് കളഭം ഏറ്റുവാങ്ങി. ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി.മോഹന്‍ദാസ് യാദവിന് ഭഗവാന്റെ പ്രസാദ കിറ്റ് നല്‍കി പൊന്നാട ചാര്‍ത്തി ഉപഹാരം സമ്മാനിച്ചു. കേരളത്തില്‍ രണ്ടാം തവണയാണ് വരുന്നതെങ്കിലും ഗുരുവായൂരപ്പനെ ജീവിതത്തിലാദ്യമായി കണ്ട് തൊഴാനായതിന്റെ സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. തുടര്‍ന്ന് മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. അതിരുദ്രമഹായജ്ഞ ചടങ്ങിലും പങ്കാളിയായി. പിന്നീട് ആനത്താവളവും സന്ദര്‍ശിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത നടയിരുത്തിയ കൃഷ്ണ എന്ന ആനക്കും കൊമ്പന്‍ നന്ദനും ഒപ്പം നിന്ന് ചിത്രമെടുത്തു. ആനകളെപറ്റി പാപ്പാനോട് ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം ആനത്താവളം ചുറ്റിനടന്ന് കണ്ട ശേഷം ശ്രീവല്‍സത്തിലെത്തി ദേവസ്വത്തിന്റെ പ്രസാദ ഊട്ടും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മടങ്ങുന്നതിന് മുന്‍പ് തനിക്ക് ദേവസ്വം നല്‍കിയ സ്വീകരണത്തിനും ആദരവിനും ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം നന്ദി അറിയിച്ചു. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ദേവസ്വം നല്‍കിയ ആതിഥേയത്വമെന്നും ഭാരത സൈനികര്‍ക്ക് നല്‍കുന്ന ആദരവിന് നന്ദിയുണ്ടെന്നും അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു. 1999ലെ കാര്‍ഗില്‍ പോരാട്ടത്തില്‍ മൂന്ന് പാക് ബങ്കറുകള്‍ തകര്‍ത്ത് നാല് പാക് സൈനികരെ വകവരുത്തി ടൈഗര്‍ ഹില്‍ തിരിച്ചുപിടിക്കാന്‍ നിര്‍ണായക സംഭാവന നല്‍കിയതിനാണ് യോഗേന്ദ്ര സിങ് യാദവിന് രാഷ്ട്രം പരം വീര്‍ചക്രം നല്‍കി ആദരിച്ചത്. പത്തൊന്‍പതാം വയസില്‍ പരം വീര്‍ ചക്രം നേടിയ ആദ്യ സൈനികനാണ്. പരം വീരചകം നേടിയ സൈനികരില്‍ ജീവിച്ചിരിക്കുന്ന മൂന്നു പേരില്‍ ഒരാളാണ് അദ്ദേഹം.