ഗുരുവായൂർ: സിങ്കപ്പൂര്‍ പോലെയുള്ള നാടായി കേരളം മാറണമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതിയില്‍ നിര്‍മ്മിച്ച ടെമ്പിള്‍ സിറ്റി ഡ്രെയിനേജ് ആന്റ് ഫുട് പാത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ലോകത്തെ ഏത് സംസ്ഥാനത്തേക്കാളും മികച്ചതായി കേരളത്തെ മാറ്റണം. എന്നാൽ, ജനതയെ നവീകരിക്കാതെ കേരളത്തെ നവീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കേന്ദ്രമന്ത്രിയെ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ചടങ്ങ് ബഹിഷ്‌കരിച്ചു. തൃശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തിലേക്ക് മാര്‍ച്ച് നടത്തിയതും ബിജെ.പി പ്രതിഷേധവും കണക്കിലെടുത്ത് കനത്ത പോലീസ് കാവലിലാണ് ചടങ്ങ് നടന്നത്. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ അക്ബര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എ സായിനാഥന്‍, ഷൈലജ സുധന്‍, ബിന്ദു അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.