Friday, November 22, 2024

പോലീസിലെ നിർണായക ജോലികൾ ആർ.എസ്.എസ് അനുകൂലികൾ കയ്യടക്കുന്നു: കോടിയേരി

പത്തനംതിട്ട: പൊലീസ് സ്റ്റേഷനുകളിൽ റൈറ്റർ ചുമതലയടക്കം നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം അനുകൂലികളായ അസോസിയേഷൻകാർക്ക് ഇത്തരം ജോലികളിൽ താൽപര്യമില്ല. അവർ പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോവുകയാണ്. പലർക്കും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ കയറാനാണ് താൽപര്യം. സ്റ്റേഷനുകളിലെ ഏറ്റവും നിർണായക ചുമതലയാണ് റൈറ്ററുടേത്. അതു ചെയ്യാൻ ആളില്ലാതെ വരുമ്പോൾ ആ ഒഴുവുകളിൽ ആർഎസ്എസ്സുകാർ കയറിക്കൂടുകയാണ്. അവർ സർക്കാർ വിരുദ്ധ നടപടികൾ ചെയ്യുന്നു. ബിജെപി അനുകൂലികൾ ബോധപൂർവമാണ് ഇടപെടൽ നടത്തുന്നത്. 

പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കേസിലും ഇത്തരത്തിലുള്ള കൈകടത്തൽ ഉണ്ടായി. ജില്ലാ പൊലീസ് മേധാവിക്കെതിരെയും കോടിയേരി വിമർശനം ഉയർത്തി. ആദ്യം പറഞ്ഞതിൽ നിന്ന് എസ്പിക്കു പിന്മാറേണ്ടി വന്നെന്നും കേസ് അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു കോടിയേരി.  

കെ റെയിൽ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. അടൂർ ഭാഗത്ത് നിന്നുള്ള പ്രതിനിധികൾ പദ്ധതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കെ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ കൃത്യമായി രേഖപ്പെടുത്തി വിതരണത്തിന് എത്തിക്കുമെന്നും എല്ലാ വീടുകളിലും പാർട്ടി പ്രതിനിധികൾ നേരിട്ടു പോയി കാര്യങ്ങൾ വിശദീകരിക്കണമെന്നും കോടിയേരി നിർദേശിച്ചു. 

പദ്ധതികളിൽ എതിർപ്പു വരുമ്പോൾ ഭയന്നു പിന്മാറുന്ന യുഡിഎഫിന്റെ നിലപാടല്ല എൽഡിഎഫിന്. അങ്ങനെ പിന്മാറിയാൽ ഒരു വികസന പദ്ധതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments