ചാവക്കാട്: എടക്കഴിയൂരിൽ വയോധികയേയും മകനേയും ചാവക്കാട് പോലീസ് ഇന്ന് വീട്ടിൽ കയറി മർദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ എടക്കഴിയൂർ ഖാദരിയ പള്ളിക്ക് സമീപം അയ്യത്തയിൽ വീട്ടിൽ അബ്ദുഹാജിയുടെ ഭാര്യ 78 വയസുള്ള ഖദീജ, മകൻ 43 വയസുള്ള നൗഫർ എന്നിവർ മുതുവട്ടൂർ രാജ ആശുപത്രിയിൽ ചികിത്സ തേടി. നൗഫറിന്റെ സഹോദരൻ നാസറിനെതിരെ ചാവക്കാട് പോലീസിൽ ലഭിച്ച പരാതിയെ തുടർന്നാണ് സംഭവങ്ങൾ അരങ്ങേറിയത്.
മലപ്പുറം കുറ്റിപ്പുറത്ത് വർക്ക്ഷോപ്പ് നടത്തുന്ന നാസറിനെതിരെ വാഹനം റിപ്പായറിങ്ങിന് നൽകിയിരുന്ന ബ്ലാങ്ങാട് സ്വദേശി ചാവക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നാസറിനെ അന്വേഷിച്ച് പോലീസ് നൗഫറിനെ വിളിച്ചിരുന്നു. നാസർ കണ്ണൂരിലെ ഭാര്യ വീട്ടിലാണെന്നും ഇടക്ക് മാത്രമേ വീട്ടിൽ വരാറുള്ളൂ എന്നും നൗഫർ പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് വീണ്ടും നൗഫറിനെ ഫോണിൽ വിളിക്കുകയും നൗഫറിനോട് സ്റ്റേഷനിൽ ഹാജരാവാൻ അറിയിക്കുകയും ചെയ്തു. എന്നാൽ ജോലി തിരക്കുള്ളതിനാൽ ഇപ്പോൾ വരാൻ കഴിയില്ലെന്ന് നൗഫർ മറുപടി നൽകി. ഇതോടെ എങ്കിൽ നിന്നെ വീട്ടിൽ വന്ന് കണ്ടോളാം എന്ന് ഭീഷണി മുഴക്കുകയായിരുന്നു പോലീസ് ചെയ്തതെന്ന് നൗഫർ പറഞ്ഞു.
പിന്നീട് ഇന്ന് രാവിലെ പത്തുമണിയോടെ ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സെൽവരാജിന്റെ നേതൃത്വത്തിൽ പോലീസ് പരാതിക്കാരനുമായി തന്റെ വീട്ടിലെത്തി തന്നെ മർദിക്കുകയായിരുന്നുവെന്നും നൗഫർ പറഞ്ഞു. മർദ്ദനം തടയാൻ ശ്രമിച്ച വൃദ്ധയായ മാതാവിനെയും പോലീസ് മർദിച്ചതായി നൗഫർ പറഞ്ഞു. ബഹളം കേട്ട് എത്തിയ നൗഫറിന്റെ ബന്ധുക്കളെ അസഭ്യം പറയുകയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുക്കുകയും ചെയ്തെന്ന് വീട്ടുകാർ പറഞ്ഞു.
എന്നാൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നൗഫറിന്റെ വീട്ടിൽ പോയതെന്നും വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കെ നൗഫർ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ എസ്.എച്ച്.ഒ കെ.എസ് സെൽവരാജ് പറഞ്ഞു. പോലീസിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായും എസ്.എച്ച്.ഒ പറഞ്ഞു