പുന്നയൂര്‍ക്കുളം: വീടിന് മുന്നിൽ നിന്ന യുവാവിനെ പൊലീസ് കയ്യേറ്റം ചെയ്തെന്ന് പരാതി. വടക്കേക്കാട് എസ്.ഐക്കെതിരെ ചെറായി കെട്ടുങ്ങല്‍ സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയത്. ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കാറിൽ ദൂരയാത്ര കഴിഞ്ഞെത്തിയ ഇയാൾ വീട്ടിലേക്ക് കാർ കയറ്റിയിട്ട് ഗേറ്റ് അടക്കാനായി പുറത്തിറങ്ങിയപ്പോൾ പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം മർദിച്ചുവെന്നാണ് ആക്ഷേപം. സ്വന്തം വീടാണെന്നും കാർ കയറ്റിയിട്ട് ഗേറ്റ് അടക്കാൻ നിൽക്കുകയാണെന്നും പറഞ്ഞെങ്കിലും വിശ്വസിക്കാതെ കേൾക്കാതെ യുവാവിനോട് തട്ടിക്കയറുകയായിരുന്നുവത്രെ. പുറത്തെ ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോൾ അവരോടും എസ്.ഐയുടെ നേതൃത്വത്തിൽ തട്ടിക്കയറിയെന്നും യുവാവിനെ അടിച്ചുവെന്നും പറയുന്നു. നേരത്തെ കൊച്ചന്നൂരില്‍ വയോധികനെ മര്‍ദ്ദിച്ച കേസില്‍ ഇതേ എസ്.ഐക്കെതിരെയുള്ള പരാതിയിൽ അന്വേഷണത്തിലാണ്. അതേ സമയം മർദനമുണ്ടായിട്ടില്ലെന്നും കാര്യങ്ങൾ ചോദിക്കുകയാണ് ചെയ്തതെന്നുമാണ് പൊലീസ് വിശദീകരണം.