Friday, September 20, 2024

ഗുരുവായൂരപ്പൻ കളഭത്തിൽ ആറാടി; മണ്ഡലകാല ചടങ്ങുകള്‍ സമാപിച്ചു

ഗുരുവായൂർ: മണ്ഡലകാല ചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ കണ്ട് ആയിരങ്ങള്‍ ആത്മനിര്‍വൃതിയണഞ്ഞു. വൃശ്ചികം ഒന്നു മുതല്‍ ക്ഷേത്രത്തില്‍ ആരംഭിച്ച നാല്‍പത് ദിവസത്തെ പഞ്ചഗവ്യ അഭിഷേകത്തിന് സമാപനം കുറിച്ചാണ് ഗുരുവായൂരപ്പന് കളഭം അഭിഷേകം ചെയ്തത്. ദിവസവും കളഭം ചാര്‍ത്താറുണ്ടെങ്കിലും അഭിഷേകം ചെയ്യുന്നത് ഈ ഒരുദിവസം മാത്രമാണ്. ക്ഷേത്രത്തിനകത്ത് തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നാരായണനാമ മന്ത്രധ്വനികളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. നാളെ പുലര്‍ച്ചെ നിര്‍മ്മാല്യം വരെ കളഭത്തില്‍ ആറാടി നില്‍ക്കുന്ന ഭഗവാനെ ഭക്തര്‍ക്ക് ദര്‍ശിക്കാനാകും. ഭഗവാന് അഭിഷേകം ചെയ്ത കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് കളഭാഭിഷേകം നടത്തുത്. കളഭാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ രാവിലെ കേളി, കാഴ്ച ശീവേലി എന്നിവയും അഭിഷേക സമയത്ത് പഞ്ചമദ്ദളകേളിയും മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ കലാപരിപാടികളും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് കാഴ്ച ശീവേലിക്ക് പഞ്ചവാദ്യം, സന്ധ്യയ്ക്ക് ദീപാലങ്കാരം, തായമ്പക, രാത്രി ഇടയ്ക്ക നാഗസ്വരത്തോടെ ചുറ്റുവിളക്ക്, മേളം എന്നിവയുണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments