Wednesday, April 2, 2025

നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍

തൃശൂര്‍: പുഴക്കലില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്‌ളാസ്റ്റിക് കവറിനുളളിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. വരടിയം സ്വദേശികളായ മേഘ(22), കാമുകന്‍ ഇമ്മാനുവല്‍ (25), ഇമ്മാനുവലിന്റെ സുഹുത്ത് വരടിയം പാപ്പ നഗര്‍ അമല്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതും പ്രസവിച്ചതും അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പൂങ്കുന്നം എം.എല്‍.എ റോഡില്‍ പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിന് കിഴക്കുവശത്തുളള കുറ്റൂര്‍ ചിറയുടെ തടയണക്ക് സമീപമാണ് ഇന്നലെ രാവിലെ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ശാന്തിഘട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പ്രസവിച്ച് ഒരാഴ്ച പ്രായം തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. ഒരടി മാത്രം വെള്ളമുള്ള ഭാഗത്തായിരുന്ന മൃതദേഹം കിടന്നിരുന്നത്. സമീപത്തെ ആശുപത്രികളില്‍ നിന്നുള്‍പ്പെടെ പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഉപേക്ഷിച്ചതെന്നാണ് പ്രതികളുടെ മൊഴി. തൃശൂര്‍ വെസ്റ്റ് പോലീസും, ജില്ലാ ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം നടത്തിയത്. തൃശൂര്‍ എ.സി.പി. വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് എസ്.ഐ.മാരായ പി രാഗേഷ്, സുവൃതകുമാര്‍, റാഫി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനി സ്വാമി, എന്നിവരും പ്രതികളെ പിടികൂടിയ സഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments