വെളിയങ്കോട്: മത മൂല്യങ്ങൾക്കൊപ്പം മാനുഷിക മൂല്യങ്ങളും സംരക്ഷിക്കുന്നതിൽ മഹല്ല് കമ്മിറ്റികൾ മാതൃകയാവണമെന്ന് സമസ്ത നേതാവും പുത്തൻപള്ളി ഖത്തീബുമായ ആനമങ്ങാട് മുഹമ്മദ്‌കുട്ടി ഫൈസി പറഞ്ഞു. വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രവർത്തകസമിതി അംഗങ്ങൾക്കായി നടത്തിയ മഹല്ല് പഠന ശില്പശാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. രാജ്യത്ത് ധാർമിക മൂല്യമുള്ള പൊതുസമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതന്റെ പ്രചാരകരായി മഹല്ലുകൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. പഠന ശില്പശാല വെളിയങ്കോട് വെസ്റ്റ് മഹല്ല് ഖത്തീബ് യു.ടി. സാലിഹ് ബാഖവി ഉദ്‌ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.എം. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി കെ.എം. മുഹമ്മദ് ഹാജി (പ്രസിഡന്റ്), ടി.എം. അബ്ദുല്ലഹാജി, പി.ബി. അസൈനാർ (വൈസ് പ്രസിഡന്റ്), വി.എം. യൂസഫ് (ജനറൽ സെക്രട്ടറി), ടി.എം. ഹംസ, ഫാറൂഖ് വെളിയങ്കോട് (ജോയിന്റ് സെക്രട്ടറി), എച്ച്.എം. ഹനീഫ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.