Friday, September 20, 2024

തൃശൂരിലുള്ളയാളുടെ അക്കൗണ്ടിലെ പണം പോളണ്ടിൽ നിന്ന് പിൻവലിച്ചു; ബാങ്കിനോട് നഷ്ടപ്പെട്ട പണവും പലിശയും ചിലവും നൽകുവാൻ കോടതി വിധി

തൃശൂർ: അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ എഴുത്തച്ഛൻ നഗറിലെ പാറക്കൽ വീട്ടിൽ ജോഷി ഡേവിഡ് ഫയൽ ചെയ്ത ഹർജിയിലാണ് ധനലക്ഷ്മി ബാങ്കിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ എം.ജി റോഡിലെ മെയിൻ ബ്രാഞ്ച് മാനേജർക്കെതിരെയും വിധിയായത്. ഹർജിക്കാരൻ്റെ അക്കൗണ്ടിൽ നിന്ന് 32,728 രൂപയും 16,364 രൂപയും പിൻവലിക്കപ്പെട്ടതായി സന്ദേശം ലഭിക്കുകയായിരുന്നു. ഇപ്രകാരം പിൻവലിക്കുവാൻ ഹർജിക്കാരൻ ആർക്കും അനുവാദം നൽകിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോളണ്ടിൽ നിന്നാണ് ഇപ്രകാരം പണം പിൻവലിച്ചതെന്ന് മനസ്സിലായി. ഹർജിക്കാരനാകട്ടെ അന്ന് തൃശൂരിൽത്തന്നെ ഉണ്ടായിരുന്നു. ഇതുവരെ പോളണ്ടിലേക്ക് പോയിരുന്നുമില്ല. ബാങ്കിൽ പരാതി നൽകിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജിക്കാരൻ ബാങ്കോക്കിൽ പോയപ്പോൾ എ.ടി.എം ഉപയോഗിച്ചിട്ടുണ്ടെന്നും അവിടെ വെച്ച് കാർഡിൻ്റെ രഹസ്യങ്ങൾ സ്കിമ്മിങ്ങിലൂടെ ചോർത്തി പോളണ്ടിൽ നിന്ന് ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്നും അതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുവാനാവില്ല എന്നുമായിരുന്നു ബാങ്കിൻ്റെ വാദം. എന്നാൽ എക്കൗണ്ടിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണെന്ന് ഹർജി ഭാഗം വാദിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർ ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഉത്തരവാദിത്തം ബാങ്കിനാണെന്ന് നിരീക്ഷിക്കുകയും ഹർജിക്കാരന് മൊത്തം നഷ്ടപ്പെട്ട 49,092 രൂപയും പണം നഷ്ടപ്പെട്ട തിയ്യതി മുതൽ ആറ് ശതമാനം പലിശയും ചിലവിലേക് 2000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. ഏ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments