പുന്നയൂർക്കുളം: സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തുന്ന “ശുചിത്വ ഭാരതം” ക്യാമ്പയിന്റെ ഭാഗമായി അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവന്നിരുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സമാപനമായി.
അണ്ടത്തോട് സെന്ററിൽ നടന്ന സമാപനപരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ. നിഷാർ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ നെഹ്റുയുവ കേന്ദ്രയുടെ ചാവക്കാട് ബ്ലോക്ക് പ്രതിനിധി നൈജിൽ മുഖ്യാതിഥിയായി.
ക്യാമ്പയിന്റെ ഭാഗമായി വീടുകൾ, ബീച്ചുകൾ, റോഡരികിലെ കാനകൾ, സെന്ററുകൾ, കനോലി കനാൽ, സ്കൂൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നും ക്ലബ്ബ് അംഗങ്ങൾ ശേഖരിച്ച 953 കിലോ പ്ലാസ്റ്റിക് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗങ്ങൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ പി.എസ്. അലി, ക്ലബ്ബ് ഭാരവാഹികളായ സുഹൈൽ അബ്ദുള്ള, ഫിറോസ്, മുഖ്‌താർ, അസീം, ആഷിഖ് മടപ്പൻ, അനീഷ്, ആഷിഫ്, റാഷിദ്, ഷാഹിർ, ലാലു തുടങ്ങിയവർ നേതൃത്വം നൽകി.