തൃശ്ശൂർ: ബി.ജെ.പി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. മുൻ ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ എ.നാഗേഷിനെ അനുകൂലിയായിരുന്ന ഏക നേതാവിനെയും ഒഴിവാക്കിയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെൻററിൽ പ്രവർത്തിക്കുന്ന ഹോട്ടൽ വാടകയിനത്തിൽ കോടികളുടെ കുടിശിക വരുത്തിയതിനെ തുടർന്ന് ഏറെ ആക്ഷേപമുയർന്ന ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെയും 2015ൽ കോർപ്പറേഷനിലേക്ക് സി.പി.എമ്മിന്റെ മേയർ സ്ഥാനാർഥിയായിരുന്ന ഷീല വിശ്വനാഥനെ പരാജയപ്പെടുത്തി താരമായ കൗൺസിലറായിരുന്ന വിൻഷി അരുൺകുമാറിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. നാഗേഷ് വിഭാഗക്കാരനാണ് ഉല്ലാസ് ബാബു. ട്രഷററായിരുന്ന സുജയ് സേനനെ വൈസ് പ്രസിഡണ്ടാക്കിയപ്പോൾ ഗുരുവായൂരിൽ നിന്നുള്ള കെ.ആർ.അനീഷ് മാസ്റ്ററാണ് പുതിയ ട്രഷറർ. ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരിയെ സ്ഥാനത്ത് നിലനിറുത്തിയപ്പോൾ വൈസ് പ്രസിഡണ്ടായിരുന്ന ജസ്റ്റിൻ ജേക്കബിനെയും ജനറൽ സെക്രട്ടറിയാക്കി. സെക്രട്ടറിമാരിൽ നാല് പേരാണ് വനിതകൾ. കോർപ്പറേഷൻ കൗൺസിലർമാരായ ഡോ.വി.ആതിരയും, പൂർണിമ സുരേഷും ചിയ്യാരത്ത് നിന്നുള്ള ലിനി ബിജു, അവണൂരിൽ നിന്നുള്ള കായിക താരം കൂടിയായ ധന്യ രാമചന്ദ്രനുമാണ് വനിതാ സെക്രട്ടറിമാർ. എൻ.ആർ.റോഷൻ, ലോജനൻ അമ്പാട്ട് എന്നിവരാണ് മറ്റ് സെക്രട്ടറിമാർ. സുജയ് സേനനെ കൂടാതെ ദയാനന്ദൻ മാമ്പുള്ളി, സർജു തൊയകാവ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഐ.എൻ.രാജേഷ്, കവിത ബിജു എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. പി.എസ്.അനിൽകുമാർ ആണ് സെൽ കോർഡിനേറ്റർ. വിവിധ മോർച്ച പ്രസിഡണ്ടുമാരായി യുവമോർച്ച-സബീഷ് മരുതയൂർ, ഒ.ബി.സി മോർച്ച-കെ.എസ്.രാജേഷ്, കർഷക മോർച്ച-വി.വി.രാജേഷ്, മഹിളാ മോർച്ച- ഇ.പി.ജാൻസി, ന്യൂനപക്ഷ മോർച്ച-ടോണി ചാക്കോള, എസ്.സി മോർച്ച-വി.സി ഷാജി, എസ്.ടി.മോർച്ച- സിമിൽ ഗോപി എന്നിവരെയും നിയമിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ അറിയിച്ചു. നിലവിലെ ജില്ലാ നേതൃത്വവുമായി തീരെ അടുപ്പമില്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്ന നാഗേഷ്. ജില്ലാ ഓഫീസിലേക്കോ, ജില്ലാ നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടികളിലേക്ക് കടക്കാറില്ല. നാഗേഷ് സമാന്തര ജില്ലാ കമ്മിറ്റിയായി പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണത്തോടൊപ്പം കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് നാഗേഷിന്റെ നിലപാടായിരുന്നുവെന്ന് അനീഷ്കുമാർ വിഭാഗം ആരോപിച്ചിരുന്നു.