Friday, November 22, 2024

ഇനി ശരണം വിളിയുടെ നാളുകൾ; ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ ഗുരുപവനപുരി ഒരുങ്ങി

ഗുരുവായൂർ: ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ക്ഷേത്ര നഗരി ഒരുങ്ങി. ഇനിയുള്ള നാളുകൾ ശരണം വിളികളുടേതാണ് . ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തി ചേരുന്നത് മണ്ഡലകാലത്താണ്. വൃശ്ചികം പിറന്നാല്‍ ഗുരുപവനപുരി ശബരിമല തീര്‍ത്ഥടാകരെകൊണ്ട് നിറയും. ധനു 11 വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് ക്ഷേത്രപരിസരം അയ്യപ്പ ഭക്തർ കയ്യടക്കും

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കര്‍ണാടക തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വലിയ സംഘങ്ങളായാണ് എത്താറ്. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നഗരസഭയും ദേവസ്വവും ചേര്‍ന്ന് ഒരുക്കും. തീര്‍ത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിലെ ദര്‍ശന സമയം ദീര്‍ഘിപ്പിക്കും.

കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ചില്‍ നിറുത്തി വച്ചിരുന്ന നാലമ്പലത്തിനുള്ളിൽ പ്രവേശിച്ചുള്ള ദര്‍ശനം, കുട്ടികളുടെ ചോറൂണ്‍ ,തുലാഭാരം എന്നീ വഴിപാടുകള്‍ വൃശ്ചികപുലരിയില്‍ പുനരാരംഭിക്കും. പ്രഭാത ഭക്ഷണമുള്‍പ്പടെ മൂന്ന് നേരമായി നടക്കുന്ന പ്രസാദ ഊട്ടും നാളെ മുതല്‍ പുനരാരംഭിയ്ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാകും പ്രസാദ ഊട്ട് നടക്കുക.
സാധാരണ ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 4.30ന് തുറക്കുന്ന ക്ഷേത്രനട, മണ്ഡലകാലത്ത് ഒരു മണിക്കൂര്‍ നേരത്തെ തുറക്കും.

ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെതന്നെ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം നടത്താനാകും. അയ്യപ്പഭക്തര്‍ക്ക് പ്രത്യേകവരിയും കെട്ടുനിറയ്ക്കാനുള്ള സൗകര്യവും ഉണ്ടാകും. കിഴക്കേനടയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറക്കും. വിവിധഭാഷകളില്‍ അനൗണ്‍സ്‌മെന്റും ഉണ്ടാകും. വൈദ്യസഹായ കേന്ദ്രങ്ങളും സജ്ജമാകും. മണ്ഡലകാലത്ത് ആദ്യ മുപ്പത് ദിവസം ക്ഷേത്രത്തില്‍ രാവിലെ കാഴ്ച ശീവേലിക്ക് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പിന് അഞ്ച്് പ്രദക്ഷിണം ഉണ്ടാകും. ഇടുതുടി,വീരാണം എന്നീ വിശേഷ വാദ്യങ്ങള്‍ അകമ്പടിയാവും. ഇത് മണ്ഡലകാല ശീവേലിയുടെ മാത്രം പ്രത്യേകതയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments