പുന്നയൂർക്കുളം: നടുകടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ നേതൃത്വം നൽകിയ നൗഷാദിനെ അണ്ടത്തോട് സ്കിൽ ഗ്രൂപ്പ് ക്ലബ്ബ് ആദരിച്ചു.
ഞായറാഴച നടന്ന ചടങ്ങ് വടക്കേക്കാട് പോലീസ് എസ്.എച്ച്.ഒ അമൃതരംഗൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൗഷാദിനെ പൊന്നാട അണിയിച്ചു.
മൊമെന്റോയും നൽകി.
വാർഡ് മെമ്പർ പി.എസ് അലി, എൻ.ആർ ഗഫൂർ, ഹുസൈൻ വലിയകത്ത്, വി മായിൻകുട്ടി, റാഷിദ് തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഫിറോസ്, നൗഫൽ ബാവുണ്ണി, യൂസഫ് പാറംപുരക്കൽ, കെബീർ ചാലിൽ, മുസ്തഫ പുതുപറമ്പിൽ, ഫാസിൽ, ഷിബിലി തുടങ്ങിയവർ സംബന്ധിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ബ്ളാങ്ങാട് കടപ്പുറത്ത് നിന്നും കടലിൽ പോയ നാല് മത്സ്യത്തൊഴിലാളികൾ വള്ളത്തിന്റെ എൻജിൻ തകരാർ മൂലം കടലിൽ കുടുങ്ങിയത്. മുനക്കക്കടവ് കോസ്റ്റൽ പോലീസ് രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ശക്തമായ കാറ്റും തിരമാലയും കാരണം അടുക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് നൗഷാദ് അടക്കം മൂന്നു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് കടലിൽ കുടുങ്ങിയവരെ പോലീസ് രക്ഷപ്പെടുത്തിയത്.